ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആശുപത്രികളില്‍ കോവിഡ് ചികിത്സ തേടുന്നതിന് പോസിറ്റീവ് പരിശോധനാഫലം നിര്‍ബന്ധമില്ല. ഒരു രോഗിക്കും സേവനങ്ങള്‍ നിരസിക്കാന്‍ പാടില്ലെന്നതും പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നു. കോവിഡ് ബാധിച്ചവര്‍ക്ക് ഉടനടി ഫലപ്രദവും സമഗ്രവുമായ ചികിത്സ ഉറപ്പാക്കാനാണ് പുതിയ നടപടികള്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രോഗി മറ്റൊരു നഗരത്തിലാണെങ്കിലും ഓക്സിജന്‍, അവശ്യ മരുന്നുകള്‍ എന്നിവയ്ക്ക് അവര്‍ അര്‍ഹരാണ്. വെെറസ് ബാധിതനെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയെ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ഇല്ലാതെതന്നെ സി.സി.സി (കോവിഡ് കെയര്‍ സെന്റര്‍), ഡി.സി.എച്ച്.സി (ഡെഡിക്കേറ്റഡ് കൊവിഡ് ഹെല്‍ത്ത് സെന്റേര്‍സ്), ഡി.സി.എച്ച് (ഡെഡിക്കേറ്റഡ് കൊവിഡ് ആശുപത്രികള്‍) എന്നിവിടങ്ങളിലെ നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിക്കും. ആശുപത്രി സ്ഥിതിചെയ്യുന്ന നഗരത്തില്‍ പെടാത്ത രോഗിക്ക് സാധുവായ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ പ്രവേശനം നിഷേധിക്കില്ല. നിലവില്‍ ചില ആശുപത്രികളില്‍ ആ പ്രദേശത്തുക്കാരനാണെന്ന തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാലെ പ്രവേശനം നടത്തുന്നുണ്ടായിരുന്നുള്ളൂ.
ആശുപത്രിയില്‍ ആവശ്യകത അനുസരിച്ച് മാത്രമേ പ്രവേശനം നല്‍കാവൂ. ആശുപത്രിവാസം ആവശ്യമില്ലാത്ത രോഗികള്‍ക്ക് കിടക്കകള്‍ അനുവദിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. കൂടാതെ, ഡിസ്ചാര്‍ജ് പുതുക്കിയ ഡിസ്ചാര്‍ജ് നയത്തിന് അനുസൃതമായിരിക്കണം. മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഉള്‍പ്പെടുത്തി ആവശ്യമായ ഉത്തരവുകളും സര്‍ക്കുലറുകളും പുറപ്പെടുവിക്കാന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാന/ യു.ടി. ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് ഉചിതമായ ഏകീകൃത നയം മാറ്റിസ്ഥാപിക്കുന്നതുവരെ നടപ്പാക്കും.
ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്ക് പരിചരണം നല്‍കുന്നതിന് കോവിഡ് കെയര്‍ സെന്ററുകള്‍, പോതു-സ്വകാര്യ ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, സ്കൂളുകള്‍, സ്റ്റേഡിയങ്ങള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കണം. ഗുരുതര ലക്ഷണം ഉള്ളവരെ ഡെഡിക്കേറ്റഡ് കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നു.
















