പശ്ചിമ ബംഗാളിൽ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ദേശീയ വനിതാ കമ്മീഷന്റെ ആരോപണം. സംഘർഷ മേഖലകൾ സന്ദർശിച്ച ശേഷം തയാറാക്കിയ റിപ്പോർട്ടിലാണ് ബംഗാൾ പൊലീസിനെതിരെയുള്ള വിമർശനം ഉയർന്നത്.
സ്ത്രീകൾക്ക് സംരക്ഷണം ഒരുക്കാൻ ബംഗാൾ പൊലീസിന് കഴിഞ്ഞില്ല. ക്രൂരമായ ആക്രമണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളിൽ സ്ത്രീകൾ നേരിട്ടത്. ബലാത്സംഗ ഭീഷണി ഉള്ളതിനാൽ പലയിടങ്ങളിലും സ്ത്രീകൾ കുടുംബ സമേതം പലായനം ചെയ്യുന്നതായും മൂന്നംഗ സംഘം തയാറാക്കിയ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചു. ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ ആക്രമണങ്ങളുടെ സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയത്.
















