ചെന്നൈ: തമിഴ്‌നാട്ടിൽ പത്ത് വര്‍ഷത്തിന് ശേഷം വൻ വിജയം നേടിയ ഡിഎംകെ ഇന്ന് അധികാരത്തിലേറും. മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേല്‍ക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രാജ്ഭവനില്‍ ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ.
രണ്ട് വനിതകള്‍ ഉള്‍പെടെ 33 അംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. പുതിയ മന്ത്രിമാരുടെയും അവരുടെ വകുപ്പുകളുടെയും പട്ടിക ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് പുറത്തുവിട്ടിട്ടുണ്ട്. സ്റ്റാലിനാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യും. മുതിര്‍ന്ന നേതാക്കാളായ കെഎന്‍ നെഹ്റുവിന് നഗരഭരണവും പെരിയസാമിക്കു ഉന്നത വിദ്യഭ്യാസവും ഇവി വേലുവിനു പൊതുമരാമത്ത് വകുപ്പും ലഭിച്ചു. വനിത, സാമൂഹിക ക്ഷേമ വകുപ്പ് ലഭിച്ച തൂത്തുകുടിയില്‍ നിന്നുള്ള ഗീതാ ജീവന്‍ പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് ലഭിച്ച കയല്‍വിഴി ശെല്‍വരാജ് എന്നിവരാണ് മന്ത്രിസഭയിലെ വനിതാ അംഗങ്ങള്‍.
തമിഴ്നാട്ടില്‍ വന്‍ വിജയമാണ് സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ നേടിയത്. 158 സീറ്റുകളിളിലാണ് ഡിഎംകെ സഖ്യം വിജയിച്ചത്. ഭരണകക്ഷിയായിരുന്നു അണ്ണാ ഡിഎംകെ 76 സീറ്റില്‍ ഒതുങ്ങുകയായിരുന്നു.
















