ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കര്‍ണാടക ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ. ദേവനഗരിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ എം.പി രേണുകാചാര്യയാണ് ആരോഗ്യമന്ത്രി കെ സുധാകറിന് എതിരെ രംഗത്തുവന്നിരിക്കുന്നത്.
വൈറസ്ബാധ നിയന്ത്രിക്കാനുള്ള കഴിവ് ആരോഗ്യമന്ത്രിയ്ക്കില്ലെങ്കില്‍ രാജിവെയ്ക്കണമെന്ന് അവര്‍ പറഞ്ഞു. ചിലര്‍ ഈ മഹാമാരി ആസ്വദിക്കുകയാണ്. അവര്‍ക്ക് പാവപ്പെട്ടവരെ സേവിക്കണമെന്ന ആഗ്രഹമില്ല, അങ്ങനെയുള്ളവര്‍ ജോലി ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ രാജിവയ്ക്കണമെന്ന് രേണുകാചാര്യ പറഞ്ഞു. ആരോഗ്യ വകുപ്പ് ഫലപ്രദമായി കൈകാര്യം നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, രാജിവച്ച് മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുക. ഭരണകക്ഷിയായ ബിജെപിയില്‍ അംഗമായിട്ടുപോലും നിങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് എനിക്ക് സങ്കടകരമാണ്.’ അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 50,112പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. 346പേര്‍ മരിച്ചു. ഇതുവരെ 17,41,046പേര്‍ക്കാണ് കര്‍ണാടകയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
















