ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ഡല്‍ഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടികള്‍ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. കോടതിയലക്ഷ്യമെന്ന കടുത്ത നടപടിയല്ല ഇപ്പോള്‍ ആവശ്യമെന്നും പ്രശ്ന പരിഹാരത്തിനുള്ള നടപടികളാണ് വേണ്ടതെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഡല്‍ഹിയ്ക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജന്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയാറാക്കി സമര്‍പ്പിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജന്‍ ലഭ്യമാക്കണമെന്ന ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാരിനെതിരേ ഡല്‍ഹി ഹൈക്കോടതി കോടതിയലക്ഷ്യത്തിനു നോട്ടീസയച്ചത്. ഇതിനെതിരേ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ ജയിലില്‍ ഇട്ടതുകൊണ്ടോ, കോടതിയലക്ഷ്യ നടപടി എടുത്തതുകൊണ്ടോ ഓക്സിജന്‍ ക്ഷാമം പരിഹരിക്കപ്പെടില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഓക്സിജന്‍ വിതരണം കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനെ മാതൃകയാക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദേശിച്ചു.
















