ന്യൂഡല്‍ഹി: ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഡൽഹിയിൽ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട ഓക്സിജൻ ഇനിയും നൽകാത്തതിനാലാണ് വിമർശനം. ദിവസേന 490 മെട്രിക്ക് ടൺ അല്ല, 700 മെട്രിക്ക് ടൺ ഓക്സിജനാണ് വിതരണം ചെയ്യാനാണ് സുപ്രിംകോടതി ഉത്തരവിട്ടതെന്ന് ഹൈക്കോടതി പറഞ്ഞു.
“നിങ്ങൾക്ക് ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണിൽ തല പൂഴ്ത്തി നിൽക്കാനാവും, ഞങ്ങൾക്കാവില്ല. നിങ്ങൾ ദന്തഗോപുരത്തിലാണോ താമസം? 490 മെട്രിക്ക് ടൺ അല്ല, 700 മെട്രിക്ക് ടൺ ഓക്സിജനാണ് വിതരണം ചെയ്യാനാണ് സുപ്രിംകോടതി ഉത്തരവിട്ടത്. നേരത്തെ നൽകേണ്ട 490 മെട്രിക്ക് ടൺ ഓക്സിജൻ പോലും നൽകിയിട്ടില്ല. ഡൽഹിയിൽ ആളുകൾ മരിക്കുന്നതിനു നേരെ കണ്ണടയ്ക്കാനാണോ നിങ്ങൾ പറയുന്നത്? തലക്ക് മുകളിൽ വരെ വെള്ളം എത്തിയിരിക്കുന്നു.”- ഡൽഹി ഹൈക്കോടതി പറഞ്ഞു.
അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 3,57,229 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ 3,449 പേരാണ് കൊവിഡ് മൂലം മരിച്ചത്. 3,20,289 പേർ രോഗമുക്തി നേടി.
















