കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബഹുഭൂരിപക്ഷം നേതാക്കളും തോറ്റു. നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്കെതിരെ ജയിച്ച സുവേന്ദു അധികാരി, കൂച്ച്ബിഹാറില്‍ മിഹിര്‍ ഗോസ്വാമി, ബിഷ്ണുപുറില്‍ തന്മയ് ഘോഷ്, റണഘട്ട് നോര്‍ത്ത് വെസ്റ്റില്‍ പാര്‍ത്ഥ സാരതി ചാറ്റര്‍ജി എന്നിവരൊഴിച്ച് പാര്‍ട്ടി വിട്ടുപോയവരെല്ലാം തോറ്റു.
അതില്‍, ദയനീയ തോല്‍വിയറിഞ്ഞത് മമത മന്ത്രിസഭയില്‍ ജലസേചന വകുപ്പു മന്ത്രിയായിരുന്ന രാജീവ് ബാനര്‍ജിയായിരുന്നു. തൃണമൂലിന് വേണ്ടി മത്സരിച്ചപ്പോള്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം നേടിയിരുന്ന അദ്ദേഹം ബി.ജെ.പി ടിക്കറ്റില്‍ തൃണമൂലിലെ കല്യാണ്‍ ഘോഷിനോട് 42,512 വോട്ടിനാണ് പരാജയപ്പെട്ടത്. ഹൗറയിലെ ദൊംജുറിലായിരുന്നു രാജീവ് ബാനര്‍ജി മത്സരിച്ചത്.
നന്ദിഗ്രാമില്‍ 2016-ല്‍ 81,230 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃണമൂല്‍ ടിക്കറ്റില്‍ സുവേന്ദു അധികാരി ജയിച്ചത്. എന്നാലിത്തവണ ഭൂരിപക്ഷം 1956 ആയി.
വൈശാലി ദാല്‍മിയ മുതല്‍ മുന്‍ ഹൗറ മേയര്‍ റതിന്‍ ചക്രവര്‍ത്തി വരെ തോറ്റ മുന്‍ തൃണമൂല്‍ നേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് തൃണമൂല്‍ വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാക്കളെ കുറ്റപ്പെടുത്തി രംഗത്തെത്തി. തൃണമൂലില്‍നിന്ന് ബി.ജെ.പിയിലേക്ക് എത്തിയവരെ ജനം അംഗീകരിച്ചില്ലെന്ന് തോന്നുന്നുവെന്ന് ദിലീപ് ഘോഷ് പറഞ്ഞു.
















