ഭോപാൽ: മധ്യപ്രദേശിലെ ജില്ല ആശുപത്രിയിൽ ഓക്സിജൻ ലഭ്യമാകാത്തതിനെ തുടർന്ന് നാലു കോവിഡ് രോഗികൾ മരിച്ചതായി റിപ്പോർട്ട്. ഭർവാനിയിലെ ജില്ല ആശുപത്രിയിലാണ് ദാരുണ മരണം ഉണ്ടായത്. ആശുപത്രിയിൽ രോഗികൾക്ക് ഓക്സിജൻ ലഭ്യമാകാത്തതിനെ തുടർന്നാണ് തങ്ങളുടെ ഉറ്റവരെ നഷ്ടമായതെന്ന് കുടുംബം ആരോപിച്ചു.
എന്നാൽ, ശനിയാഴ്ച രാത്രി ഓക്സിജൻ വിതരണം തടസപ്പെട്ടതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചെങ്കിലും ഓക്സിജൻ ലഭിക്കാതെ ഒരു രോഗി മാത്രമാണ് മരിച്ചതെന്നായിരുന്നു വിശദീകരണം. മറ്റു മൂന്നുപേരും ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു.
ഓക്സിജൻ ലഭ്യമാകാത്തതിനെ തുടർന്ന് ശ്വസമെടുക്കാൻ കഷ്ടപ്പെടുന്ന രോഗികളെ ബന്ധുക്കൾ സഹായിക്കുന്ന വിഡിയോകൾ ദേശീയമാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. അരമണിക്കൂറിലധികം രോഗികൾക്ക് ഓക്സിജൻ ലഭിച്ചില്ലെന്നും ആശുപത്രി അധികൃതർ കള്ളംപറയുകയാണെന്നും ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിൽ ബന്ധുക്കൾ ഭർവാനി അഡീഷനൽ കലക്ടർ ലോകേഷ് കുമാർ ജാങ്കിഡിന് പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ചതായും ഉചിതമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
















