കോവിഡിന്റെ തീവ്ര വ്യാപനത്തിന്റെ പിടിയിലാണ് രാജ്യം. 2019 ലും 2020 ലും ഉണ്ടായിരുന്ന കോവിഡ് അല്ല ഇപ്പോൾ 2021 ൽ ഉള്ളത്. നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ തീവ്രമാണ് വൈറസ്. വ്യാപനം നിയന്ത്രണങ്ങളില്ലാതെ അതിവേഗം തുടരുകയുമാണ്. ഡൽഹിയിലെയും മറ്റും സ്ഥിതി കൈവിട്ട അവസ്ഥയിലാണ്. ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. അത്കൊണ്ട് തന്നെ മുമ്പത്തേക്കാൾ കൂടുതൽ ജാഗ്രത വേണ്ട സമയമാണിപ്പോൾ.
എന്നാൽ കോവിഡിന്റെ ആദ്യനാളുകളിൽ പുലർത്തിയിരുന്ന ജാഗ്രതയുടെ പകുതി പോലും നിലവിൽ ഇല്ല എന്നതാണ് സ്ഥിതി. വ്യാപനം കുതിച്ച് കയറുമ്പോൾ ജാഗ്രത താഴോട്ടാണ്. കോവിഡിനെ തടുക്കാനുള്ള പ്രധാന മാർഗ്ഗം വാക്സിൻ ആണ്. എന്നാൽ അത് നിലവിൽ ജനസംഖ്യയുടെ പതിനഞ്ച് ശതമാനത്തിന് പോലും കിട്ടിയിട്ടില്ല. എല്ലാവരും വാക്‌സിൻ ഉപയോഗിക്കുന്നത് വരെ അത്കൊണ്ട് തന്നെ കോവിഡ് ഭീതി തുടരും.
പിന്നീടുള്ള പ്രധാന മാർഗമാണ് സാമൂഹ്യ അകലവും മാസ്കും. എന്നാൽ ഇവയുടെ കാര്യത്തിൽ നാം വരുത്തിയ വിട്ടുവീഴ്ചയാണ് നമ്മെ ഇപ്പോൾ ഈ ഭീതിതമായ അവസ്ഥയിൽ എത്തിയത്. അതിൽ നമ്മുടെ ഭരണകൂടങ്ങൾക്കും പോലീസിനും മാധ്യമങ്ങൾക്കും ഉൾപ്പെടെ നാം ഓരോരുത്തർക്കും പങ്കുണ്ട്. അത്കൊണ്ട് തന്നെ പരസ്പരം പഴിചാരി ഇരിക്കാതെ ജാഗ്രത തുടരുകയാണ് വേണ്ടത്.
സാമൂഹ്യം അകലം പാലിക്കുന്നതോടൊപ്പം തന്നെ മാസ്കും ഏറെ പ്രധാനപ്പെട്ടതാണ്. മുൻപത്തെ പോലെ എല്ലാവരും വീട് അടച്ച് ഇരിക്കാനും പറ്റാത്ത സ്ഥിതിയാണ് ഉള്ളത്. ലോക്ക് ഡൗണിൽ തകർന്ന ജീവിതം നാം ജീവിതം കെട്ടിപ്പടുത്തത് കൊണ്ട് വരുന്ന സമയമാണിപ്പോൾ. അത്കൊണ്ട് തന്നെ വീണ്ടും വീട്ടിൽ ഇരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. എന്നാൽ കോവിഡ് രൂക്ഷമായത് അത് വേണ്ടിയും വന്നേക്കും. എന്നാൽ അത് വരതിതിരിക്കാൻ നാം കൂടുതൽ ജാഗ്രത പുലർത്തണം. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത് പോലെ ഇനി ഒരു മാസ്ക് കൊണ്ട് തടയാനാവില്ല കോവിഡ് ഭീകരനെ. ഡബിൾ മാസ്കിങ് ഇപ്പോഴേ നാം ഉപയോഗിച്ച് തുടങ്ങണം.
എന്താണ് ഡബിൾ മാസ്കിങ് ?
ഒരേ സമയം രണ്ട് മാസ്ക് മുഖത്ത് ധരിക്കുന്ന പ്രക്രിയയാണ് ഡബിൾ മാസ്കിങ്. സാധരണായി തുണികൊണ്ടുള്ള മാസ്കാണ് മിക്കവരും ധരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ തുണികൊണ്ടുള്ള മാസ്ക് അപര്യാപ്തമായതുകൊണ്ട് തന്നെ ഒരു മാസ്ക് കൂടി ധരിക്കുന്നത് നല്ലതാണ്. ഈ രണ്ടാമത്തെ മാസ്ക് എന്നാൽ സർജിക്കൽ മാസ്ക് ആയിരിക്കണം.
എന്തിന് രണ്ട് മാസ്ക് ധരിക്കണം ?
പലപ്പേഴും നമ്മൾ ഉപയോഗിക്കുന്ന മാസ്ക് ശരിയായ രീതിയിൽ മുഖത്ത് ഒട്ടിച്ചേർന്ന് ഇരിക്കില്ല. അതുകൊണ്ട് തന്നെ ഈ വിടവിലൂടെ രോഗവാഹകനായ വായുവോ വൈറസോ നമ്മുടെ ശരീരത്തിന്റെ ഉള്ളിൽ കടക്കാൻ സാധ്യതയുണ്ട്. ഈ സാധ്യതയെ ഇല്ലാതാക്കുകയാണ് ഡബിൾ മാസ്കിങ് ചെയ്യുന്നത്. ഇത് കൂടുതൽ നമ്മെ സുരക്ഷിതരാക്കും.
എങ്ങനെയാണ് രണ്ട് മാസ്ക് ധരിക്കേണ്ടത് ?
ഒന്നിന് മുകളിൽ മറ്റൊന്നായാണ് മാസ്ക് ധരിക്കേണ്ടത്. ആദ്യം ധരിക്കേണ്ടത് സർജിക്കൽ മാസ്കാണ്. സർജിക്കൽ മാസ്ക് ശരിയായി ധരിച്ച ശേഷം മുകളിൽ തുണി മാസ്ക് ഉപയോഗിക്കാം. എന്നാൽ ശ്വാസം മുട്ടുന്നതിന് കാരണമാകുന്ന തരത്തിൽ മാസ്ക് ധരിക്കരുത്. രണ്ട് സർജിക്കൽ മാസക്, രണ്ട് N95 മാസ്ക് എന്നിവ ധരിക്കുന്നത് ശ്വസിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും.
മാസ്‌ക് ഫിറ്റായി നിൽക്കാൻ എന്ത് ചെയ്യണം?
നോസ് വയർ (Nose wire) ഉള്ള മാസ്‌ക് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത് കാരണം മൂക്കിന് മുകളിൽ അമർത്തിവെക്കാവുന്ന കനംകുറഞ്ഞ ലോഹകമ്പി ഉള്ള മാസ്‌ക് ആണിത്. മാസ്‌ക് ഫിറ്റർ/ ബ്രേസസ് ഉപയോഗിക്കാം. ഇത് തുണി മാസ്‌ക്കുകളുടെ മുകളിലും സർജിക്കൽ മാസ്‌ക്കുകളുടെ മുകളിലും ഉപയോഗിച്ചാൽ മാസ്‌ക് മുഖത്ത് ഫിറ്റായി ഇരിക്കും.
സർജിക്കൽ മാസ്‌ക് ഉപയോഗിക്കുന്നതു വഴി 56.1 ശതമാനം അണുക്കളെയും, തുണിമാസ്‌ക് ഉപയോഗിക്കുന്നതിലൂടെ വെറും 51.4 ശതമാനം അണുക്കളെയും മാത്രമാണ് തടയുന്നത്. എന്നാൽ ഡബിൾ മാസ്കിങ് വഴി കൂടുതൽ വൈറസുകളെ തടയാൻ സാധിക്കും.