ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ മുൻ ഉദ്യോഗസ്ഥനായിരുന്നു നമ്പി നാരായണൻ. റോക്കറ്റുകൾക്കായി ദ്രാവക ഇന്ധന സാങ്കേതികവിദ്യയും ഖരഇന്ധന സാങ്കേതിക വിദ്യയും ഐ.എസ്.ആർ.ഒ. വികസിപ്പിക്കുന്നുണ്ടായിരുന്നു. ഇതിൽ ദ്രാവക ഇന്ധന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തവരിൽ പ്രധാനിയായിരുന്നു നമ്പി നാരായണൻ. കൂടാതെ അതി ശീതീകൃത ദ്രവഇന്ധനങ്ങളും അവക്ക് വേണ്ട എഞ്ചിനുകളും വികസിപ്പിക്കുന്നതിലും ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷന്റെ ചെയർമാനായിരുന്ന സതീശ് ധവന്റേയും പിൻഗാമിയായ യു.ആർ. റാവുവിന്റേയും നേതൃത്വത്തിൽ നടന്നു പോന്നിരുന്ന ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളിയുമായിരുന്നു നമ്പി നാരായണൻ.
.
1994- നവംബർ 30 ന് ഐഎസ്ആർഒ വികസിപ്പിച്ചു കൊണ്ടിരുന്ന ക്രയോജനിക് എഞ്ചിൻ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയുള്ള ചാരവൃത്തി ആരോപിച്ച് നമ്പി നാരായണനെ അറസ്റ്റ് ചെയ്ത് 60 ദിവസം ജയിലിൽ അടച്ചു. പിന്നീട് സുപ്രീം കോടതി നമ്പി നാരായണൻ നിരപരാധിയാണന്നു മനസ്സിലാക്കി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. സുപ്രീംകോടതി വിധിയിൽ നമ്പി നാരായണന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചു. സംസ്ഥാന ഗവണ്മെന്റും പരസ്യമായി നഷ്ടപരിഹാര തുക നൽകി വിധി നടപ്പിലാക്കി.
എന്നിട്ടും അവസാനിക്കാത്ത ചാരക്കേസ് ആരോപണത്തിൽ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് പ്രതികാരമായി നഷ്ടപരിഹാര തുകയേക്കാള്‍ നമ്പി നാരായണൻ ആവശ്യപ്പെടുന്നത് തന്നെ ജയിലിലടക്കാൻ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിയാണ്. ഇപ്പോൾ ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന സംബന്ധിച്ച് വിശദ അന്വേഷണം നടത്താന്‍ സി.ബി.ഐയോട് സുപ്രീംകോടതിയാണ് ഉത്തരവിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശം. ജസ്റ്റിസ് ജെയിന്‍ സമിതി റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കാമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐക്ക് തുടര്‍ നടപടി സ്വീകരിക്കാമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
സിബിഐ അന്വേഷണം പ്രധാനമായും മുതിര്‍ന്ന മുന്‍ ഐ.പി.എസ്. ഉദ്യാഗസ്ഥരെ ഉള്‍പ്പെടെയാണ് വെട്ടിലാക്കുന്നത്. മുന്‍ കേരള വിജിലന്‍സ് ഡയറക്ടര്‍ സിബി മാത്യു, മുന്‍ ഗുജറാത്ത് ഡിജിപി ആര്‍.ബി ശ്രീകുമാര്‍, കേരള പൊലീസിലെ എസ്.പിമാരായിരുന്ന എസ്.വിജയന്‍, കെ.കെ ജോഷ്യ എന്നിവരാണ് സിബിഐയുടെ അന്വേഷണത്തിൽ ആശങ്കയിലാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന സംബന്ധിച്ച് സിബിഐയുടെ വിശദ അന്വേഷണത്തിനെതിരെ ഈ ഉദ്യോഗസ്ഥരില്‍ പലരും രംഗതെത്തിയിരുന്നു. ഇതില്‍ പ്രധാനി മോദിയുടെയും അമിത് ഷായുടെയും ശത്രുവായ ആര്‍.ബി ശ്രീകുമാറാണ്. നമ്പി നാരായണനെതിരെ കേസ് എടുത്തത് താനെന്ന് ആരോപിച്ച് ക്രിമിനല്‍ കേസില്‍ കുടുക്കാനാണ് ശ്രമം നടക്കുന്നതെന്നാണ് ശ്രീകുമാര്‍ വെളിപ്പെടുത്തുന്നത്. ഗുജറാത്ത് കൂട്ടക്കൊലക്ക് പിന്നില്‍ സംഘ്പരിവാര്‍ ആണെന്നതിന് താന്‍ തെളിവ് ഹാജരാക്കിയതാണ് മോദിയുടെയും അമിത് ഷായുടെയും തന്നോടുള്ള ശത്രൂതക്ക് കാരണമെന്നാണ് ശ്രീകുമാര്‍ പറയുന്നത്. അന്ന് തനിക്കൊപ്പം പ്രവര്‍ത്തിച്ച ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ജയിലില്‍ അടച്ചത് പോലെ തന്നെയും അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് സിബിഐ അന്വേഷണമെന്നാണ് ആര്‍.ബി ശ്രീകുമാറിന്റെ തുറന്നു പറച്ചിൽ. ചാരക്കേസില്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ അടക്കമുള്ള നടപടികളില്‍ താന്‍ ഏര്‍പ്പെട്ടിട്ടില്ലന്നാണ് ശ്രീകുമാര്‍ പറയുന്നത്. ശാസ്ത്രജ്ഞന്‍ ശശി കുമാറിനെ ചോദ്യം ചെയ്യുകയും അതിനോട് അനുബന്ധിച്ച് അന്വേഷണം നടത്തുകയും മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് ശ്രീകുമാര്‍ വ്യക്തമാക്കുന്നത്.
തനിക്കെതിരെ ഉയർന്ന ചാര കേസിൽ കുറ്റവിമുക്തനായെങ്കിലും വെറുതെ ഇരിക്കാതെ തന്നെ അഴിക്കുള്ളിലാക്കിയവരെ തിരിച്ച് അഴിക്കുള്ളിലാക്കുന്നതിനു വേണ്ടിയുള്ള നിയമ പോരാട്ടത്തിലാണ് നമ്പി നാരായണന്‍ .സിബിഐ അന്വേഷണ റിപ്പോർട്ട് കൂടെ പുറത്തുവന്നാൽ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് അഴിക്കുള്ളിലാകുക.