മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ കാലടി, എടപ്പാൾ, തവനൂർ, വട്ടംകുളം, തിരൂർ താലൂക്കിലെ പുറത്തൂർ, മംഗലം, തൃപ്രങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് തവനൂർ. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാ മണ്ഡലം നിലവിൽ വന്നത്. 2011 ലെയും 2016 ലെയും തെരെഞ്ഞെടുപ്പിൽ കെ ടി ജലീൽ ആണ് ഇവിടെ നിന്ന് വിജയിക്കുന്നത്. പിണറായി മന്ത്രി സഭയിലെ ഹയർ എഡ്യൂക്കേഷൻ , ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമാണ് ജലീൽ.
എൽഡിഎഫിന് മുൻതൂക്കമില്ലാത്ത മണ്ഡലമൊന്നുമല്ലാതിരുന്നിട്ടും കഴിഞ്ഞ രണ്ടു തവണയും കെ.ടി. ജലീൽ നേടിയ വിജയം തവനൂരിൽ കോൺഗ്രസ് നേതാക്കൾക്ക് വെല്ലുവിളി തന്നെയാണ്. ഇക്കാലയളവിൽ ജലീൽ തവനൂർകാർക്കിടയിൽ നേടിയ ജനകീയതക്കെതിരെ തിരിച്ചടി നേരിടാൻ കോൺഗ്രസ് നിർത്തിയിരിക്കുന്നത് ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിനെയാണ്. വികസനപ്രവർത്തനങ്ങളുടെ പട്ടിക മാത്രം ചൂണ്ടിക്കാട്ടി കഴിഞ്ഞ തവണത്തേക്കാൾ കൂടിയ ഭൂരിപക്ഷത്തോടെ ഇവിടത്തെ വീണ്ടും ജയിക്കുമെന്ന വിശ്വാസത്തിലാണ് കെ.ടി. ജലീൽ.
മണ്ഡലത്തിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ വന്ന വികസനം മാത്രം മതി തനിക്ക് ജനങ്ങൾ വോട്ടുചെയ്യാനെന്നാണ് ജലീലിന്റെ അവകാശവാദം. മണ്ഡലത്തിലെ സാധാരണക്കാരായ ജനങ്ങളുമായി ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ ജലീലിനുള്ള ബന്ധംമൂലം വ്യക്തിപരമായ ധാരാളം വോട്ടുകളും ലഭിക്കുന്നതോടെ ഭൂരിപക്ഷം വർധിക്കുമെന്നാണ് ഇടതുപക്ഷത്തെ നേതാക്കളുടെ അഭിപ്രായം.
ലീഗുകാരനായിരുന്ന കെ.ടി. ജലീൽ അവരോട് പിണങ്ങി കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയാണ് രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുന്നത്. 2011-ൽ തവനൂർ മണ്ഡലം രൂപവത്കരിച്ച ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വർധിപ്പിച്ചു കൊണ്ടാണ് ജലീൽ വിജയം നേടുന്നത്. ഇത്തവണയും ആ ഭൂരിപക്ഷം കൂട്ടാനായാണ് ജലീലിന്റെ ശ്രമമെങ്കിൽ യുഡിഎഫ് ഇറക്കിയ കുന്നുംപറമ്പിൽ ചെറിയൊരു തിരിരിച്ചടിയാകും.
കെ.ടി. ജലീലിനെ വീഴ്ത്താൻ ജനകീയ ശ്രെധ നേടിയ സ്ഥാനാർഥി വേണമെന്ന കണ്ടെത്തലിലാണ് സമൂഹമാധ്യമങ്ങളിലെ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ അറിയപ്പെട്ട ഫിറോസ് കുന്നംപറമ്പിലിനെ യുഡിഎഫ് നിർത്തുന്നത്. ഇടതു സർക്കാരിനെതിരേ അഴിമതിയും സ്വജനപക്ഷപാതവും സ്വർണക്കടത്തുമടക്കമുള്ള കേസുകളും ഫിറോസ് പ്രചാരണ ആയുധമാക്കുന്നു.
ഹിന്ദു വോട്ടുകൾ ധാരാളമുള്ള തവനൂരിൽ കേന്ദ്രസർക്കാരിന്റെ വികസനകാഴ്ചപ്പാടുകൾ പറഞ്ഞ് വോട്ടു നേടാനാണ് തവനൂരിലെ എൻഡിഎയുടെ സ്ഥാനാർഥി രമേശ് കോട്ടായപ്പുറം ശ്രമിക്കുന്നത്. സർക്കാരിന്റെയും മണ്ഡലത്തിലെ ഇരു മുന്നണി സ്ഥാനാർഥികളുടെയും പോരായ്മകളും ആയുധമാക്കിയാണ് എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണം.