തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് വട്ടിയൂർക്കാവ് നിയമസഭാ നിയോജക മണ്ഡലം. തിരുവനന്തപുരം നോർത്ത് നിയമസഭാമണ്ഡലം എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലം പുനഃസംഘടയോടെയാണ് വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലമായത്. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കുടപ്പനക്കുന്ന്, വട്ടിയൂർക്കാവ് എന്നീ ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം നഗരസഭയുടെ 13, 15 മുതൽ 25 വരെയും 31 മുതൽ 36 വരേയുമുള്ള വാർഡുകളും അടങ്ങിയതാണ് ഇപ്പോൾ ഈ മണ്ഡലം.
2011ലെ തെരെഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ കെ. മുരളീധരന്‍ എല്‍ഡിഎഫ് സ്വതന്ത്രനായ ചെറിയാന്‍ ഫിലിപ്പിനെ 16,167 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച വി.വി. രാജേഷിന് കിട്ടിയത് 13,494 വോട്ടായിരുന്നു. 2016ല്‍ ബിജെപിയുടെ കുമ്മനം രാജശേഖരനെതിരെ മുരളീധരന്റെ ഭൂരിപക്ഷം 7622 വോട്ടായി കുറഞ്ഞു. സിപിഎമ്മിലെ ടി.എന്‍. സീമ മൂന്നാം സ്ഥാനത്തായി.
എന്നാൽ 2019 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോര്‍പറേഷന്‍ മേയറായിരുന്ന വി.കെ. പ്രശാന്തിനെയാണ് വട്ടിയൂർക്കാവിൽ സ്ഥാനാര്ഥിയാക്കിയത്. വികസന രാഷ്ട്രീയവും പ്രചാരണവും ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വി.കെ. പ്രശാന്തിന് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോണ്‍ഗ്രസിലെ കെ. മോഹന്‍കുമാറിനെ തോല്‍പ്പിക്കാൻ കഴിഞ്ഞു. സിപിഎമ്മിന് 14.46 ശതമാനം വോട്ടിന്റെ വര്‍ധനയുണ്ടായപ്പോള്‍ ബിജെപിക്ക് 10.3 ശതമാനവും കോണ്‍ഗ്രസിന് 5.23 ശതമാനവും ആയി വോട്ട് കുറഞ്ഞു.
ഇത്തവണത്തെ നിയമസഭാ ഇലെക്ഷനിലും വി.കെ. പ്രശാന്ത് ആണ് എല്‍ഡിഎഫിനു വേണ്ടി വട്ടിയൂർക്കാവിൽ മത്സരിക്കുക. നേമം കഴിഞ്ഞാൽ ബിജെപി വലിയ പ്രതീക്ഷയോടെ മത്സരിക്കുന്ന മണ്ഡലമാണിത്. 2011ലെ ഇലെക്ഷനിൽ മൂന്നാം സ്ഥാനത്തായിരുന്ന വി.വി. രാജേഷാണ് ഇത്തവണയും എന്‍ഡിഎ സ്ഥാനാര്‍ഥിയാകുക.
ആദ്യം കോണ്‍ഗ്രസിൽ പി.സി. വിഷ്ണുനാഥ്, ജ്യോതി വിജയകുമാര്‍ തുടങ്ങിയവരുടെ പേരുകളാണ് വട്ടിയൂർകാവിലേക്ക് ഉയർന്ന് വന്നത്. എന്നാൽ പ്രദേശിക കോൺഗ്രസ് കമ്മിറ്റി എതിര്‍പ്പിനെ തുടർന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായരെ വട്ടിയൂർക്കാവിൽ സ്ഥാനാര്ഥിയാക്കുകയായിരുന്നു. പുതുമുഖമെന്ന നിലക്ക് എല്ലാ വിഭാഗങ്ങളില്‍ നിന്നും വോട്ടു ലഭിക്കാനും വീണക്ക് സാധ്യതയുണ്ട്. കൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു വട്ടിയൂർക്കാവിൽ ലീഡ്.
എന്നാൽ പ്രളയബാധിതരെ സഹായിച്ചതിലൂടെ ജനമനസുകളിൽ മികച്ച പ്രതിച്ഛായ നേടിയ പ്രശാന്തിന്റെ വിജയത്തിന് വെല്ലുവിളി ഉയർത്താൻ വീണക്കും വി.വി. രാജേഷിനും കഴിയുമോ എന്നതും സംശയമാണ്. വി കെ പ്രശാന്ത്, വീണ നായർ, വി വി രാജേഷ് മൂന്ന് പേരുടെയും പേരിലെ ‘വി’കൾ വിക്ടറി ആകുമോ എന്ന് കാണേണ്ടി ഇരിക്കുന്നു.