ന്യൂഡല്‍ഹി: കേരളത്തിലെ സി.പി.എം, കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേരണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. ആരെയും ശത്രുവായി കാണുന്നില്ല. സി.പി.എം നേതാക്കള്‍ എത്തിയതോടെയാണ് ത്രിപുരയില്‍ ഭരണം പിടിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കമ്യൂണിസം ലോകത്ത് തന്നെ ഇല്ലാതാകുകയാണ്. സി.പി.എമ്മിന് കേഡര്‍മാരെ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ. കോണ്‍ഗ്രസുകാര്‍ക്ക് സ്വന്തം പാര്‍ട്ടിയെ രക്ഷിക്കാന്‍ സമയമില്ലെന്നും ബിപ്ലവ് ദേബ് വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പൂജ്യത്തില്‍ നിന്ന് സര്‍ക്കാരുണ്ടാക്കിയ ത്രിപുരയിലെ ബിജെപിയുടെ വിജയ ചരിത്രം കേരളത്തിന് മാതൃകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചേര്‍ന്നാല്‍ കേരളത്തിന്റെ വികസന കുതിപ്പിന് ഇരട്ട എന്‍ജിനുള്ള എന്‍ഡിഎ സര്‍ക്കാരിനെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മാത്രമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത്. ബിജെപി അധികാരത്തില്‍ വന്നശേഷം ത്രിപുരയില്‍ ഒരു രാഷ്ട്രീയ കൊലപാതകംപോലും നടന്നിട്ടില്ല. മുസ്ലിം വിരോധം പറഞ്ഞ് ബിജെപിയെ അകറ്റി നിര്‍ത്താനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. ത്രിപുരയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുസ്ലിംകളെ ബംഗ്ലാദേശിലേക്ക് കടത്തുമെന്ന് അവര്‍ പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നശേഷം എന്താണ് സ്ഥിതിയെന്ന് ത്രിപുരയിലെ മുസ്ലിംകളോട് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി മുസ്ലിം വിരുദ്ധരാണെന്ന പ്രചാരണം ഇനി വിലപ്പോകില്ല. ബിജെപിക്കു മാത്രമേ വികസന പങ്കാളിയാകാന്‍ കഴിയൂവെന്ന് ഇന്ത്യ തിരിച്ചറിഞ്ഞു. ഇക്കാര്യം കേരളവും തിരിച്ചറിയണെന്ന് അദ്ദേഹം പറഞ്ഞു.