സ്വന്തം തന്റേടവും ശെരികളും തുറന്നുപറച്ചിലുകളും ശകാരങ്ങളും കൊണ്ട് കേരളം രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിച്ച വിവാദങ്ങളുടെ നായകനാണു എംഎം മണിയെന്ന ഉടുമ്പന്‍ചോലയുടെ മണിയാശാൻ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻ ചോലയിൽ നിന്ന് സ്ഥാനാർഥിയാകുവാൻ മണിയാശാൻ കഴിഞ്ഞേ ഉള്ളു മറ്റാരും. അത്രമേൽ ജനപ്രീതി ആശാന് അങ്ങ് ഹൈറേഞ്ചിലുണ്ട്. സ്വന്തം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൽ മണ്ഡലത്തിനു കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല. പോയ വർഷങ്ങളിൽ നേരിട്ട ആരോപണങ്ങൾക്ക് തടയിടാൻ ഉടുമ്പൻ ചോലയിലെ വിപ്ലവ നായകന് അത് തന്നെ ധാരാളം. അതുകൊണ്ടു തന്നെയാണ് വരുന്ന തെരെഞ്ഞെടുപ്പിൽ ഉടുമ്പൻ ചോലയിൽ മത്സരിക്കാൻ മണിയാശാന്റെ പേര് തന്നെ ഉയർന്നത്. തോട്ടം തൊഴിലാളി നേതാവിൽ നിന്ന് ഉയർന്നുവന്ന വിജയം ഇന്ന് പിണറായി സര്ക്കാരിന്റെ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രി വരെ എത്തിനിൽക്കുന്നു എങ്കിൽ സ്വന്തം നിലപാടിൽ ഉറച്ചു നില്കുന്ന മണിയാശാന്റെ വിപ്ലവവീര്യം കൊണ്ട് തന്നെയാണ്.
ഉടുമ്പഞ്ചോല താലൂക്കിലെ ഇരട്ടയാര്‍, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തന്‍പാറ, സേനാപതി, വണ്ടന്‍മേട്, ഉടുമ്പന്‍ചോല എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്ന മണ്ഡലം. 1987 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ യുഡിഎഫിനായിരുന്നു ജയം. 2001 ലാണ് എല്‍ഡിഎഫ് മണ്ഡലം തിരിച്ചു പിടിക്കുന്നത്. അന്നുമുതൽ ഉടുമ്ബൻ ചോലയിൽ ജയിക്കുന്നത് സിപിഎമ്മാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പത്തില്‍ ഒമ്പതു പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭൂരിപക്ഷം നേടിയിരുന്നു. ആ വിജയം തന്നെയാണ് ഈ നിയമസഭ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ പാർട്ടിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ മണിക്ക് എതിർ സ്ഥാനാർത്ഥിയായി നിന്ന അഡ്വ. സേനാപതി വേണുവാണ് ഇത്തവണയും കോണ്‍ഗ്രസിന്റെ സ്ഥാനാർഥി പട്ടികയിലുള്ളത്.
കഴിഞ്ഞ തവണ മണിക്ക് ഭൂരിപക്ഷം കുറവായിരുന്നെങ്കിലും ഇത്തവൻ ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിക്കാം എന്ന ആത്മവിശ്വാസമാണ് മണിക്കും പാർട്ടിക്കും. ആ ആത്മവിശ്വാസം ഉള്ളത് കൊണ്ട് തന്നെ ഉടുമ്പന്‍ചോലയിലേക്ക് മത്സരിക്കാൻ ഇത്തവണയും സിപിഎമ്മിന് മണിയാശാൻ അല്ലാതെ മറ്റു പേരുകളില്ല. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളും മണിക്കുള്ള ജനപ്രീതിയുമാണ് പാര്‍ട്ടി കണക്കിലെടുത്തത്.
സ്വന്തം വകുപ്പ് ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ കഴിവുള്ള വ്യക്തിയാണ് എംഎം മണി. ചുമതലയേറ്റത് മുതൽ വൈദ്യുതി വകുപ്പിന്റെ വികസന പ്രവർത്തനങ്ങളിൽ കാര്യക്ഷമമായ പ്രവർത്തങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.
വിവാദങ്ങൾ ആശാന് അകലെയായിരുന്നില്ല. തെറ്റുകൾ കണ്ടാൽ ശകാരിക്കാനും കയ്യേറ്റങ്ങൾക്ക്‌കെതിരെ മുഖം നോക്കാതെ പ്രതികരിക്കാനും അധികമൊന്നും ആശാന് ആലോചിക്കേണ്ടവശ്യമില്ല. തന്റെ ശെരികളും ആർക്കുനേരെയും അമ്പയ്യുന്ന സാധാരണക്കാരന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം ഉയർന്നുവന്ന വിവാദസാഹചര്യത്തിൽ മണിയാശാന്റെ ‘സിപിഐഎം എതിരാളികളെ കൊന്നിട്ടുണ്ട്’ എന്ന പ്രസംഗം ഏറെ വിവാദങ്ങൾക്ക് ഇടയാക്കി. മുന്നാർ ഭൂമി പിടിച്ചെടുക്കലിനെതിരെ നടത്തിയ ഓപ്പറേഷനിൽ വി എസിനെതിരെ എംഎം മണി ഭീഷണി ഉയർത്തിയിരുന്നു. കൊലപാതകക്കേസിലും മണി അറസ്റ്റിലായി. മന്ത്രി പദത്തിൽ എത്തിയതിനു ശേഷവും മണിയുടെ തുറന്നു പറച്ചിലുകൾ അവസാനിച്ചില്ല. ഇടുക്കിയിലെ പോലീസ് ഉദ്യോഗസ്ഥരെയും ഒരു പ്രാദേശിക കോളേജിലെ വനിതാ പ്രിൻസിപ്പലിനെയും അപമാനിച്ച സംഭവവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് നടത്തിയ പ്രസ്താവനയും സബ് കളക്ടർ ശ്രീറാം വെങ്കിടരാമന് മാനസികരോഗമുണ്ടെന്ന ആരോപണവും പെമ്പിളൈ ഒരുമൈയെക്കുറിച്ച് പറഞ്ഞ ആരോപണവുമൊക്കെ അവയിൽ ചിലതാണ്. എന്നാൽ മണിയുടെ ഇടുക്കി ഭാഷയും മലയാളത്തിന്റെ സംഭാഷണവും അദ്ദേഹത്തിന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കാൻ കാരണമായി എന്നാണ് എംഎം മാണിയുടെ ആരോപണങ്ങളിൽ വന്ന വ്യഖ്യാനം.
സ്വന്തം സർക്കാരിലെ നിരവധി മന്ത്രിമാരുടെ പ്രവർത്തന രീതിയെ പോലും വിമർശിച്ചുകൊണ്ട് വിവാദം ഉന്നയിക്കാൻ കഴിയുന്ന മണിയാശാൻ മറ്റുള്ളവരുടെ പ്രീതിക്കായി കാത്തുനിൽക്കാറില്ല. പോലീസ് ഉദ്യോഗസ്ഥരുടെ ഹീനമായ പ്രവർത്തികൾക്ക് മുന്നിലും ആശാൻ ശരങ്ങൾ തൊടുത്തുവിടാറുണ്ട്. അതൊക്കെ ഹൈറേഞ്ചിലെ അദ്ദേഹത്തിന്റെ ജനപ്രീതി വർധിപ്പിക്കുന്നു. പാറപോലെ ഉറച്ച മനസും ശരീരവും പാർട്ടിക്ക് അന്നും ഇന്നും നൽകാൻ മണിയാശാന് രണ്ടാമതൊന്നു ആലോചിക്കേണ്ട.
“ഞാൻ മൂത്തവനായിരുന്നു, ഇളയ സഹോദരങ്ങളെ നോക്കേണ്ടതുണ്ടായിരുന്നു. പക്ഷേ ഒന്നിനും എന്നെ തടയാനായില്ല. ഏത് തരത്തിലുള്ള ജോലിയും ചെയ്യാൻ ഞാൻ തയ്യാറായിരുന്നു. എന്റെ ഏക ലക്ഷ്യം വിശപ്പില്ലാതെ പോകുക എന്നതായിരുന്നു” അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്ന പോലെ ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലത്തെയും അധ്വനിച്ച് വളർന്ന മനസിനെയും തോൽപിക്കാൻ ഒരു ശക്തിക്കും കഴിയില്ല. അതാണ് എംഎം മണിയെന്ന ഹൈറേഞ്ചിന്റെ ആശാൻ.