നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന കേരളം, ആഴക്കടലിന്റെ തിരയിളക്കത്തില്‍ ആടി ഉലയുകയാണ്. ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് സ്വകാര്യ കമ്പനിയുമായി പിണറായി സര്‍ക്കാര്‍ ധാരണാ പത്രം ഒപ്പുവെച്ചുവെന്ന് പ്രതിപക്ഷ ആരോപണവും, തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളും കേരളത്തെ പിടിച്ചുലച്ചുവെന്ന പറയാതെ വയ്യ. വിവാദം കൊഴുക്കുന്നതിനിടെ കരാര്‍ സംബന്ധിച്ചുള്ള ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും വിവാദം സര്‍ക്കാരിനെതിരെ തീരദേശ മേഖലകളില്‍ പ്രതിപക്ഷം പ്രചരണായുദ്ധമാകുമെന്ന് ഉറപ്പ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി അറിയേണ്ടത്, ആഴക്കടല്‍ എങ്ങനെ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതാണ് !
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കേരളത്തിന്റെ ‘ആദര്‍ശ ധീരനായ’ പ്രതിപക്ഷ നേതാവ് കൊല്ലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആഴക്കടല്‍ സംബന്ധിച്ചുള്ള രഹസ്യ വിവരങ്ങള്‍ പുറത്ത് വിടുന്നതും പിണറായി സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും. കേരളത്തിലെ ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇഎംസിസി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കി 5000 കോടി രൂപയുടെ പദ്ധതിയ്ക്ക് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടുവെന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തല്‍.
2020 ഫെബ്രുവരിയിലാണ് ഇഎംസിസിയും കെഎസ്ഐഡിസിയുമായി ധാരണാ പാത്രം ഒപ്പിട്ടത്. 5000 കോടി രൂപ മുതല്‍ മുടക്കില്‍ മത്സ്യ ബന്ധന, സംസ്‌കരണ, വിപണന പദ്ധിക്കായുള്ള ധാരണാപത്രം ഒപ്പിട്ടത് അസന്‍ഡ് കേരള നിക്ഷേപ സംഗമത്തിലായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ 2018 ല്‍ ന്യൂയോര്‍ക്കില്‍ ഇഎംസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നും വ്യവസായ മന്ത്രി ഇപി ജയരാജന്റെ വകുപ്പിന് കീഴിലുള്ള കെഎസ്ഐഡിസി ചേര്‍ത്തലയിലെ പള്ളിപ്പുറത്തെ മെഗാഫുഡ് പാര്‍ക്കില്‍ ഈ കമ്പനിക്ക് നാലേക്കര്‍ സ്ഥലം അനുവദിച്ചെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പക്ഷെ ആരോപണങ്ങള്‍ ഒക്കെയും അന്നു തന്നെ മന്ത്രി മേഴ്സിക്കുട്ടിയമ്മ പാടെ നിഷേധിച്ചു.
ഇങ്ങനെ ഒരു കരാറിനെ പറ്റി കേട്ടിട്ടേയില്ലെന്നായിരുന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഭാവം. പ്രതിപക്ഷ നേതാവിന്റെ മാനസികനില തെറ്റിയിരിക്കുകയാണെന്ന് കൂടി മന്ത്രി പ്രതികരിച്ചതോടെ വിവാദം ചൂടുപിടിച്ചു. ഇതൊന്നും പോരാത്തതിന് മേഴ്സിക്കുട്ടിയമ്മയെ പിന്തുണച്ച് മന്ത്രി ഇപി ജയരാജനും രംഗത്തെത്തി.
തൊട്ടടുത്ത ദിവസം, മന്ത്രി മേഴ്സിക്കുട്ടിയമ്മയും ഇഎംസിസി കമ്പനി പ്രതിനിധി ഷിജു വര്‍ഗീസുമായി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രം കൂടി പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഇതോടൊപ്പം കമ്പനി പ്രതിനിധികള്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതോടെ സര്‍ക്കാരിന്റെ നില പരുങ്ങലിലായി. മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി കമ്പനി ചര്‍ച്ച നടത്തിയെന്ന് അടിവരയിട്ട് പറഞ്ഞ പ്രതിപക്ഷ നേതാവ്, തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും അറിയിച്ചു.
പിന്നീട് മറ്റൊരു ഗുരുതര ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ഇഎംസിസി ഇന്റര്‍നാഷണലിന്റെ സിഇഒ ആയ ഡുവന്‍ ഇ ഗെരന്‍സര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും ചെന്നിത്തല പറഞ്ഞുവെച്ചു. എന്നാല്‍ മത്സ്യ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നു. പ്രതിപക്ഷം അസത്യപ്രചരണം തുടരുകയാണെന്നും ജനമനസ്സില്‍ സംശയം സൃഷ്ടിക്കുന്ന ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കൂടാതെ കരാര്‍ ഒപ്പിട്ട കേരളാ ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്‍ പ്രശാന്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നുവെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
പിന്നീട് അങ്ങോട്ട് വാദപ്രതിവാദങ്ങളിലൂടെയാണ് കേരളം കടന്നു പോയത്. ആഴക്കടല്‍ മത്സ്യബന്ധന വിവാദം ആളിപ്പടര്‍ന്നുവെന്നു വേണം പറയാന്‍. വിവാദം കത്തി പടരുന്നതിന്റെ ഇടയിലാണ് പിആര്‍ഡിയുടെ ഒരു പരസ്യം പുറത്ത് വന്നത്. ബോട്ട് നിര്‍മ്മിക്കുന്നതിന് വിദേശ കമ്പനിയുമായി ധാരണയായെന്ന സര്‍ക്കാര്‍ പരസ്യം ഓര്‍മ്മിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതിരോധം പ്രതിപക്ഷ നേതാവ് പൊളിച്ചത്. ഇനിയും മുന്നോട്ട് എന്ന് തലവാചകത്തോട് കൂടി ചിത്രീകരിച്ച വീഡിയോ ആയിരുന്നു അത്. പരസ്യ ക്യാമ്പയിന്റെ ഭാഗമായി ചിത്രീകരിച്ച വീഡിയോ കൂടി പുറത്ത് വന്നതോടെ ഞങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നില തീര്‍ത്തും പരുങ്ങലിലായി.
ആഴക്കടല്‍ മത്സ്യബന്ധനം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുമെന്ന് ഉറപ്പായതോടെ ആദ്യ ധാരണാ പത്രം റദ്ദാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ പ്രതിഷേധം അവിടെയും അവസാനിച്ചില്ല. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ ധാരണാ പത്രങ്ങളും റദ്ദാക്കണമെന്നും കരാറിന് പിന്നിലെ ഇടപാടുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ അടുത്ത ആവശ്യം. ഇതു കൂടാതെ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സത്യാഗ്രഹമിരുന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. പിന്നാലെ പിണറായി സര്‍ക്കാരിന്റെ അറിയിപ്പ് വന്നു. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട മുഴുവന്‍ ധാരണാ പത്രങ്ങളും റദ്ദാക്കുകയാണെന്ന്. ഇതൊന്നും പോരാത്തതിന് സര്‍ക്കാരിന്റെ മത്സ്യനയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച കെഎസ്ഐഎന്‍സി മാനേജിങ് ഡയറക്ടര്‍ പ്രശാന്തിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചു.
‘സാക്ഷര കേരളം’ ഇങ്ങനെ പല മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രതിപക്ഷ നേതാവ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഇക്കുറി മുഖ്യമന്ത്രിയെ വെല്ലുവിളിക്കാനൊരുങ്ങിയായിരുന്നു ചെന്നിത്തലയുടെ വരവ്. കേരള സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകന്‍ ജാക്സണ്‍ പൊള്ളയിലാണ് ആഴക്കടല്‍ മത്സ്യബന്ധന വിഷയം തന്നോട്ട് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തി. പദ്ധതി പെളിച്ചതില്‍ മുഖ്യമന്ത്രിയ്ക്ക് തന്നോട് അരിശമാണെന്നും ചെന്നിത്തല പറഞ്ഞു. മേഴ്സിക്കുട്ടിയമ്മയും മുഖ്യമന്ത്രിയും തുടക്കം മുതല്‍ കള്ളം പറയുകയാണെന്നും കരാര്‍ സംബന്ധിച്ച് ഫയല്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഏതായാലും ഈ വിവാദം ഇവിടെ അവസാനിക്കില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഇടത് സര്‍ക്കാരിന് ആനുകൂലമായി വീശിയ തീരദേശ കാറ്റ് ഇക്കുറി ദിശമാറി വീശുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. അതേസമയം, സര്‍ക്കാര്‍ തീരദേശത്തിനൊപ്പമാണെന്ന് ആവര്‍ത്തിച്ചുകൊണ്ട്, വികസന നേട്ടങ്ങള്‍ ഉയര്‍ത്തികാട്ടി വിവാദങ്ങളെ പ്രതിരോധിക്കാനാകുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.
എന്നിരുന്നാലും, എങ്ങനെയാണ് ഇത്തരത്തിലൊരു പദ്ധതിയ്ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചതെന്നും എന്തുകൊണ്ടാണ് മന്ത്രിമാര്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതെന്നും ചിലരോടെങ്കിലും സര്‍ക്കാരിന് വിശദീകരിക്കേണ്ടി വരും.