പോര്‍ട്ട്-ഔ-പ്രിന്‍സ്: ജയില്‍ ചാടിയ ഗുണ്ടാ തലവന്‍ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. കരീബിയന്‍ രാജ്യമായ ഹെയ്റ്റിയിലാണ് സംഭവം. കഴിഞ്ഞ ദിവസം ജയില്‍ ഡയറക്ടറെ അടക്കം 25 പേരെ വെടിവെച്ച് കൊന്നാണ് ഗുണ്ടാ തലവനായ ആര്‍നെല്‍ ജോസഫും 400 തടവുകാരും രക്ഷപ്പെട്ടത്. പിന്നീട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍നെല്‍ ജോസഫിനെ ചെക്ക്‌പോസ്റ്റിലുണ്ടായിരുന്ന പൊലീസ് തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്ന് നടന്ന വെടിവെയ്പ്പില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. അതേസമയം, ഇയാള്‍ക്കൊപ്പം രക്ഷപ്പെട്ട 400 തടവുകാരില്‍ ഇതുവരെ 40 പേരെ മാത്രമാണ് അധികൃതര്‍ക്ക് പിടികൂടാനായത്.