റിയാദ്: വന്യമൃഗങ്ങളെ വേട്ടയാടുന്നവര്‍ക്കെതിരെ ശിക്ഷ കടുപ്പിച്ച് സൗദി അറേബ്യ. പുതിയ നിയമം നടപ്പിലാക്കി തുടങ്ങിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നവര്‍ക്ക് പിഴ ചുമത്തും. അറേബ്യന്‍ കടുവയെ വേട്ടയാടിയാല്‍ 400,000 റിയാലാണ്( 77.5 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയായി ലഭിക്കുന്നത്. ലൈസന്‍സില്ലാതെ വേട്ടയാടുന്നവര്‍ക്ക് ആദ്യം 10,000 റിയാലാണ് പിഴ. വേട്ടയ്ക്ക് തോക്ക് ഉപയോഗിക്കുന്നവര്‍ക്ക് 80,000 റിയാലും സ്പ്രേ തോക്കുകളോ റൈഫിളുകളോ ഉപയോഗിച്ചാല്‍ 100,000 റിയാലുമാണ് പിഴ ചുമത്തുക.
അതേസമയം, വേട്ടയാടല്‍ നിരോധിച്ച മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയാല്‍ 400,000 റിയാല്‍ വരെ പിഴ ഈടാക്കും. കാട്ടുപ്രാവിനെ വേട്ടയാടിയാല്‍ 1,000 റിയാല്‍ പിഴ ചുമത്തും. പ്രാദേശിക പല്ലികളെ വേട്ടയാടുന്നവര്‍ക്ക് 3,000 റിയാലാണ് പിഴ. വംശനാശ ഭീഷണി നേരിടുന്ന ജീവികളോടൊപ്പം വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനും അമിത മത്സ്യബന്ധനം, വേട്ടയാടല്‍ നിയന്ത്രിക്കല്‍ എന്നിവയുമാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.