റിയാദ്: സൗദിയിലെ സല്‍വ അതിര്‍ത്തി വഴി ലോറികള്‍ ഖത്തര്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചതോടെ ഇരു രാജ്യങ്ങളും തമ്മില്‍ കര അതിര്‍ത്തി വഴിയുള്ള വ്യാപാരത്തിന് തുടക്കമായി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രോട്ടോക്കോല്‍ പാലിച്ചാണ് ചരക്കുനീക്കം .
ഖത്തറുമായുള്ള ഉപരോധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ചരക്കു നീക്കം തുടങ്ങിയത്. ഖത്തര്‍ ഭാഗത്തെ അതിര്‍ത്തിയായ അബൂസംറ അതിര്‍ത്തി വരെ ചരക്ക് വാഹനങ്ങളെത്തി.
ഇവിടെ നിന്നും ഖത്തറിലെ ലോറികള്‍ ഉപയോഗപ്പെടുത്തി വിവിധ ഭാഗങ്ങളിലേക്ക് ചരക്കുകള്‍ കൊണ്ടു പോകും. ചരക്കു നീക്കം നടത്തുന്നവര്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ ചെക്ക് പോയിന്റില്‍ നിന്നും മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ട്.
അബൂസംറയില്‍ ചരക്കുകള്‍ ഇറക്കിയാല്‍ സൗദിയിലേക്കുള്ള ലോറികള്‍ തിരികെ പോകണമെന്നതാണ് ചട്ടം. ഖത്തറില്‍ നിന്നും സൗദിയിലേക്കുള്ള ചരക്ക് വാഹനങ്ങള്‍ക്കും ഈ രീതിയില്‍ പ്രവേശിക്കാം.
നടപടി ക്രമങ്ങള്‍ എളുപ്പമാക്കാനും ക്യൂ ഒഴിവാക്കാനും ലോറികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ചെക്ക്‌പോയിന്റില്‍ അറിയിക്കേണ്ടതാണ്.