ഐഎഫ്എഫ്കെ കൊച്ചി എഡിഷനിലെ ഉദ്ഘാടന ചടങ്ങിൽ നടൻ സലിം കുമാർ പങ്കെടുക്കില്ല. എന്നെ മാറ്റിനിര്‍ത്തിയത് ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ്. അത് സംരക്ഷിക്കപ്പെടട്ടെയെന്ന് സലിം കുമാർ പറഞ്ഞു. ഇനി പങ്കെടുത്താല്‍ എന്നെ പിന്തുണച്ചവരോടുള്ള വഞ്ചനയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.കൊച്ചിയിൽ നടക്കുന്ന മേളയുടെ തിരി തെളിയിക്കേണ്ടവരുടെ പട്ടികയിൽ ദേശീയ അവാർഡ് ജേതാവ് കൂടിയായ സലിം കുമാറിനെ ഉൾപ്പെടുത്തിയിരുന്നില്ല. നടപടി വിവാദമായതിനെ തുടർന്ന് ഉദ്ഘാടന ചടങ്ങിൽ സലിം കുമാർ ഉണ്ടാകുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കമൽ വിളിച്ചത് വിവാദമായ ശേഷമാണെന്നും ചടങ്ങിൽ പങ്കെടുത്താൽ പിന്തുണ നൽകിയവരോട് ചെയ്യുന്ന വഞ്ചനയാകുമെന്നും സലിം കുമാർ പ്രതികരിച്ചു.
എന്നെ മാറ്റിനിര്‍ത്തിയത് ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ്. അത് സംരക്ഷിക്കപ്പെടട്ടെ. ഞാനൊന്ന് അറിയാന്‍ വേണ്ടി വിളിച്ചതാണ് എന്തുകൊണ്ട് എന്നെ ഒഴിവാക്കിയെന്ന്. മാധ്യമങ്ങളിലൊക്കെ വാര്‍ത്ത വന്ന ശേഷമാണ് എന്നെ വിളിച്ചത്. ഒരാഴ്ച മുന്‍പേ ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ കാര്യത്തില്‍ ധാരണയായിരുന്നു. അന്ന് എന്റെ കാര്യം യോഗത്തില്‍ പങ്കെടുത്ത അമ്മ പ്രതിനിധി ടിനി ടോം ചോദിച്ചിരുന്നു. അന്ന് തൊടുന്യായം പറഞ്ഞ് അവര്‍ പേര് തള്ളി. ഇനി പങ്കെടുത്താല്‍ എന്നെ പിന്തുണച്ചവരോടുള്ള വഞ്ചനയാകും.
ദേശീയ അവാർഡ് ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുകയെന്ന പതിവ് സംഘാടകർ അട്ടിമറിച്ചെന്നും രാഷ്ട്രീയമാണ് ഇതിന് പിറകിലെന്നുമാണ് സലിം കുമാർ പ്രതികരിച്ചത്.
ഒഴിവാക്കിയത് കോൺഗ്രസുകാരനായത് കൊണ്ടുതന്നെയാണ്. അവിടെ നടക്കുന്നത് സി.പി.എം മേളയാണ്. അവരോട് അനുഭാവമുള്ളവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താന്‍ ആണ് ഉദ്ദേശിക്കുന്നത്. അല്ലാത്തവരെ പുറത്താക്കും. അതിന് ഓരോ ന്യായീകരണങ്ങള്‍ പറയുകയും ചെയ്യും. എന്തുവന്നാലും മരിക്കും വരെ കോൺഗ്രസുകാരനായിരിക്കും. എന്തെങ്കിലും നേട്ടങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി മാറാനോ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കാനോ തയ്യാറല്ല – സലിം കുമാർ വ്യക്തമാക്കി.