“എന്നെ ഭയപ്പെടുത്താനോ നിശബ്ദയാക്കാനോ കഴിയില്ല,” ഇത് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്‍റെ അനന്തരവളും അഭിഭാഷകയുമായ മീന ഹാരിസ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പിന്‍ ടു ടോപ് ചെയ്തുവെച്ചിരിക്കുന്ന ട്വീറ്റ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വാചകങ്ങളുടെ ഗഹനമായ അര്‍ത്ഥതലം തന്‍റെ ശക്തമായ പ്രതികരണങ്ങളിലൂടെ ഊട്ടിയുറപ്പിക്കുകയാണ് മീനാക്ഷി ആഷ്ലി ഹാരിസ് എന്ന മീന ഹാരിസ്.
ഇന്ത്യയിലെ കര്‍ഷക പ്രതിഷേധം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച വിഷയമായതോടെ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട പേരാണ് മീന ഹാരിസിന്‍റേത്. അമേരിക്കയില്‍ വളര്‍ന്നുവരുന്ന ക്രിസ്ത്യന്‍ തീവ്രവാദത്തെ പോലെ തന്നെ ഇന്ത്യയിലെ അക്രമാസക്തമായ ഹിന്ദുത്വ തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്നുവെന്ന് മുന്നറിയിപ്പു നല്‍കി, ഹിന്ദുത്വ സംഘങ്ങള്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച മീന ഹാരിസ് കമല ഹാരിസിന്‍റെ മരുമകള്‍ എന്നതിലപ്പുറം ആരാണ്…?
പോപ് ഗായികയായ റിഹാന, യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് എന്നിവര്‍ക്ക് പിന്നാലെയാണ് കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ട് മീന ഹാരിസ് കടന്നു വന്നത്. “ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ഒരു മാസം മുന്‍പ് ആക്രമിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ആക്രമിക്കപ്പെടുകയാണ്. ഇത് യാദൃശ്ചികമല്ല, ഇത് രണ്ടും ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇന്ത്യയിലെ കര്‍ഷകര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന ആക്രമണത്തേയും ഇന്‍റര്‍നെറ്റ് നിരോധനത്തേയും അപലപിക്കേണ്ടതാണ്,” യുഎസ് കാപിറ്റോള്‍ ആക്രമണത്തോട് കര്‍ഷക സമരത്തെ ഉപമിച്ച് മീനയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.
ഞങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ തലയിടാന്‍ വരരുതെന്ന ആഹ്വാനവുമായി ഇന്ത്യയിലെ പ്രമുഖ സെലിബ്രിറ്റികളും കര്‍ഷകരെ പിന്തുണച്ചതിന് പോരെടുക്കാന്‍ സംഘപരിവാര്‍ കേന്ദ്രങ്ങളും ഓണ്‍ലൈന്‍ വിദ്വേഷ പ്രചരണങ്ങളും വന്നപ്പോള്‍ അതിനെയെല്ലാം വ്യക്തവും ശക്തവുമായ തന്‍റെ നിലപാടുകള്‍ കൊണ്ട് പ്രതിരോധിച്ച മീന സംഘപരിവാറിനും ഹിന്ദുത്വ തീവ്രവാദത്തിനും ജാതീയതക്കും വംശീയതയ്ക്കുമെതിരെ കത്തിക്കയറുകയാണ്.
അഭിഭാഷകയും ബാലസാഹിത്യകാരിയും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകയുമായ മീന ഹാരിസ് അമേരിക്കയിലെ പ്രധാന ജെന്‍ഡര്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റുകളിലൊരാളാണ്. യുഎസ് വൈസ് പ്രസിഡന്‍റ് കമലഹാരിസിന്‍റെ സഹോദരി മായ ഹാരിസാണ് മീനയുടെ അമ്മ. സ്റ്റാന്‍റ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും 2012ല്‍ പഠനം പൂര്‍ത്തിയാക്കിയ മീന ബ്ലാക് ലൈവ്‌സ് മാറ്റര്‍ പ്രൊട്ടസ്റ്റിലും സജീവ സാന്നിദ്ധ്യമായിരുന്നു. 2016ലെ യുഎസ് സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കമല ഹാരിസ് വിജയിച്ചതോടെയാണ് മീന ഹാരിസ് ശ്രദ്ധേയയാകുന്നത്. കാരണം മറ്റൊന്നുമല്ല, അന്ന് കമല ഹാരിസിന്‍റെ ക്യാംപെയ്‌നില്‍ പോളിസി ആന്‍റ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന് നേതൃത്വം നല്‍കിയത് മീന ഹാരിസ് ആയിരുന്നു. ഇതോടെ മീനയുടെ ക്യാംപെയ്ന്‍ രീതികള്‍ വളരെ പ്രചാരം നേടുകയും പൊതു ഇടങ്ങളില്‍ മീന തന്‍റേതായ സ്ഥാനമുറപ്പിക്കുകയും ചെയ്തു.
2017ലാണ് മീന ‘ഫിനോമിനല്‍’ എന്ന ഫാഷന്‍ കമ്പനി തുടങ്ങുന്നത്. പ്രമുഖയായ അമേരിക്കന്‍ കവയിത്രിയും പൗരാവകാശ പ്രവർത്തകയുമായിരുന്ന മായ ആഞ്ചലോ 1978ല്‍ എഴുതിയ ഒരു കവിതയിലൂടെയാണ് ഫിനോമിനല്‍ എന്ന പേരിനോട് മീന ആകൃഷ്ടയാകുന്നത്. അമ്മയായ മായ ഹാരിസും അമ്മയുടെ സഹോദരി കമല ഹാരിസും മുത്തശ്ശി ശ്യാമള ഗോപാലനും തുടങ്ങി കുടുംബത്തില്‍ താന്‍ കണ്ടുവളര്‍ന്ന സ്ത്രീകളെല്ലാവരും സാമൂഹ്യപ്രവര്‍ത്തകരും സ്ത്രീകളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്കായി ശബ്ദിക്കുന്നവരുമായതുകൊണ്ടു തന്നെ ചെറുപ്പം മുതല്‍ സാമൂഹ്യവിഷയങ്ങളില്‍ തല്‍പരയായിരുന്നു മീന ഹാരിസ്. ഇതു തന്നെയാണ് ‘ഫിനോമിനല്‍ വുമണ്‍ ആക്ഷന്‍ ക്യാംപെയ്ന്‍’ എന്ന പേരില്‍ ഒരു സാമൂഹികസംഘടനയ്ക്ക് തുടക്കം കുറിക്കുന്നതിലേക്ക് മീനയെ നയിച്ചതും.
വിദ്യാഭ്യാസം, ആരോഗ്യമേഖലയിലെ തുല്യത, ക്രിമിനല്‍ നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍, റിപ്രൊഡക്ടീവ് റൈറ്റ്‌സ്, രാഷ്ട്രീയരംഗം അടക്കമുള്ള സാമൂഹ്യമേഖലകളിലെ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഫിനോമിനല്‍ ആക്ഷന്‍ ക്യാംപെയ്ന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സെറീന വില്യംസ്, ജെസീക്ക ആൽബ, മാർക്ക് റുഫാലോ, ട്രേസി എല്ലിസ് റോസ്, വിയോള ഡേവിസ്, യാര ഷാഹിദി, ജാനെൽ മോനെ, സാറാ സിൽവർമാൻ, ഡെബി അല്ലൻ, റൊസാരിയോ ഡോസൺ, വാൻ ജോൺസ്, ലിസോ തുടങ്ങിയ പ്രമുഖരാണ് ഈ ക്യാംപെയ്‌നിന്റെ പല പരിപാടികള്‍ക്കും അംബാസിഡര്‍മാരിയിട്ടുള്ളത്.
‘കമല ആന്റ് മായാസ് ബിഗ് ഐഡിയ’ എന്ന തന്‍റെ ആദ്യ പുസ്തകം മീന ഹാരിസ് പുറത്തിറക്കുന്നത് 2020 ജൂണിലാണ്. കമല ഹാരിസിനെയും തന്‍റെ അമ്മയായ മായ ഹാരിസിനെയും കുറിച്ചാണ് ഈ പുസ്തകത്തില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്. ഈ ബാലസാഹിത്യകൃതിക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു.
‘സ്റ്റോപ്പ് കില്ലിങ്ങ് ഫാര്‍മേഴ്‌സ്’ എന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് മീന ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തില്‍ പ്രതികരിക്കുന്നത്. ഇന്‍റര്‍നെറ്റ് റദ്ദ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നടപടികള്‍ക്കെതിരെയായിരുന്നു മീനയുടെ വിമര്‍ശനം. സമരം നടക്കുന്ന സ്ഥലത്ത് ഇന്‍റര്‍നെറ്റ് നിരോധിച്ചത് തെറ്റായ നടപടിയാണ്. അതിനെതിരെ നാമെല്ലാം തീർച്ചയായും പ്രതിഷേധിക്കണം. കർഷക സമരത്തെ സൈനിക ശക്തി കൊണ്ട് അടിച്ചമർത്തുന്നതിനെതിരെ പ്രതിഷേധം ഉയരണമെന്നും മീന ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ഇതിനെതിരെ ഇന്ത്യയിൽ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവർ ‘വിദ്വേഷ പ്രചാരണത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ട്’ എന്ന പ്രചാരണം ആരംഭിച്ചു. പക്ഷെ, ഭീഷണിപ്പെടുത്തിയാലും അശ്ലീല കമന്‍റിട്ടാലും അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ നിന്ന് താൻ പിൻമാറില്ലെന്നും മൗനം പാലിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും തെറ്റ് എന്നു ബോധ്യമുള്ള കാര്യങ്ങൾക്കെതിരെ ഇനിയും ശബ്ദമുയർത്തുകതന്നെ ചെയ്യുമെന്നുമായിരുന്നു മീനയുടെ നിലപാട്.
ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധം ഏതെങ്കിലും ചില കാര്‍ഷിക നിയമങ്ങളുടെ മാത്രം കാര്യമല്ലെന്നും പൊലീസ് അതിക്രമം, അക്രമാസക്തമായ ദേശീയത, ഹനിക്കപ്പെടുന്ന തൊഴിലവകാശങ്ങള്‍ എന്നിവയെക്കുറിച്ച് ശബ്ദമുയര്‍ത്തുന്ന ഒരു മതന്യൂനപക്ഷത്തെ അടിച്ചമര്‍ത്തുന്നത് സംബന്ധിച്ചാണെന്നും അതായത് ആഗോള മേധാവിത്വത്തെക്കുറിച്ചാണെന്നും മീന വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഞങ്ങളുടെ കാര്യങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ പറഞ്ഞുവന്നേക്കരുത്, കാരണം ഇത് നമ്മള്‍ എല്ലാവരും നേരിടുന്ന പ്രശ്‌നങ്ങളാണെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച് രംഗത്ത് വന്ന മീനയുള്‍പ്പെടെ റിഹാന, ഗ്രേറ്റ, തുടങ്ങിയവരുടെ ചിത്രങ്ങള്‍ സംഘപരിവാർ അനുകൂലികള്‍ കത്തിച്ചപ്പോള്‍ ഞങ്ങള്‍ ഇന്ത്യയിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നാണ് മീന പ്രതികരിച്ചത്. “ധീരരായ ഇന്ത്യന്‍ പുരുഷന്മാര്‍ കര്‍ഷകസമരത്തെ പിന്തുണച്ച സ്ത്രീകളുടെ ചിത്രങ്ങള്‍ കത്തിച്ചുവെന്ന ചില തലക്കെട്ടുകള്‍ ഞാന്‍ കാണുകയുണ്ടായുണ്ടായി. അത് നോര്‍മലായി കാണുകയാണ് പലരും. ഇതില്‍ ഒരു ധീരതയുമില്ലെന്ന് ഞാന്‍ ആദ്യമേ പറയട്ടെ,” എന്നും മീന ഹാരിസ് പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി 12 ന് സിംഘു അതിര്‍ത്തിയില്‍ നിന്ന് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത, കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ദളിത്- തൊഴിലാളി നേതാവ് നൊദീപ് കൗര്‍, കസ്റ്റഡിയിലിരിക്കെ ശാരീകമായി മര്‍ദ്ദിക്കപ്പെടുകയും ലൈംഗികമായി ഉപദ്രവിക്കപ്പെടുകയും ചെയ്ത വിഷയം മീന ഇതോടൊപ്പം ചൂണ്ടിക്കാട്ടി. മീനയുടെ ട്വീറ്റോടുകൂടിയാണ് നൊദീപ് കൗറിനെ മോചിപ്പിക്കണമെന്ന മുറവിളികള്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായത്. എന്തിനധികം പറയുന്നു മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഈ വിഷയത്തില്‍ അന്വേഷണമാരംഭിച്ചത് ഈ ട്വീറ്റിന് ശേഷമാണ്.
മീന ഹാരിസ് ഹിന്ദുമത വിരോധിയാണെന്ന പ്രചാരണങ്ങള്‍ ആരംഭിച്ചപ്പോള്‍ ഞാനും ഒരു ഹിന്ദുവാണെന്നും ഫാസിസത്തെ മറച്ചുവെക്കാന്‍ മതത്തെ മറയാക്കരുതെന്നുമാണ് അവര്‍ തിരിച്ചടിച്ചത്. തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ആഫ്രിക്കന്‍ വംശജരോട് ഇന്ത്യക്കാര്‍ പുലര്‍ത്തുന്ന വിവേചനവും തുറന്നു കാണുന്നുണ്ടെന്നാണ് മീനയുടെ വാദം. ഹിന്ദു തീവ്രവാദത്തിനൊപ്പം കറുപ്പിനോടുള്ള ഇന്ത്യയുടെ വിരോധത്തെ കുറിച്ചു കൂടി സംസാരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തന്‍റെ നിലപാടുകളെ ഖണ്ഡിച്ചുകൊണ്ട്, പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാനുള്ള സംഘടിത നീക്കങ്ങളെ ഏതു വിധേനയും ചെറുത്തു തോല്‍പ്പിക്കാനുള്ള കരുത്ത് മീന ഹാരിസിനുണ്ടെന്ന് എതിര്‍ ചേരിയില്‍ നിന്ന് വിശ്രമമില്ലാതെ പൊരുതുന്ന ശക്തികള്‍ക്ക് ഇതിനോടകം തിരിച്ചറിവുണ്ടായിക്കഴിഞ്ഞു. വിമര്‍ശനങ്ങളുടെ കൂരമ്പുകളെ തികഞ്ഞ ലാഘവത്തോടെ തട്ടിമാറ്റി ഉറച്ച നിലപാടുകളുമായി മീന ഹാരിസിനെ ഇനിയും നമുക്ക് പ്രതീക്ഷിക്കാം.