നയ്പിഡാവ്: മ്യാന്‍മറില്‍ ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തി സൈനിക നേതൃത്വം. മ്യാന്‍മറിലെ സൈനിക അട്ടിമറിയ്‌ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് രാജ്യത്ത് ശക്തമായ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയ്ക്ക് ഞായറാഴ്ച വിലക്കേര്‍പ്പെടുത്തി. രണ്ട് ദിവസം മുമ്പ് ഫെയ്‌സ്ബുക്കിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്ററിനും ഇന്‍സ്റ്റാഗ്രാമിനും വിലക്കേര്‍പ്പെടുത്താന്‍ മ്യാന്‍മറിലെ ഗതാഗത/ വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍നിന്ന് നിര്‍ദേശം ലഭിച്ചതായി ടെലിനോര്‍ പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കും, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ഈ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നടന്ന തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് സൈന്യം രാജ്യത്തിന്റെ അധികാരം കയ്യടക്കിയത്. ഭരണത്തിലിരുന്ന നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി)യ്ക്ക് 80 ശതമാനത്തിലധികം സീറ്റുകള്‍ ലഭിച്ചിരുന്നു. ഒരു വര്‍ഷത്തെ അടിയന്തിരാവസ്ഥയാണ് പ്രഖ്യാപിച്ചിരുന്നത്.