ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുന്നത് തുടരുന്നതിന് താല്‍ക്കാലികമായി തടയിട്ട് ബിജെപി. നേതാക്കളെ കൂട്ടത്തോടെയെത്തിച്ച് തൃണമൂലിന്‍റെ ബി ടീമാനാകാനില്ലെന്നാണ് ബിജെപിയുടെ പുതിയ നിലപാട്. ഇനി കൃത്യമായ പരിശോധനയില്ലാതെ ആരെയും പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം.
മികച്ച പ്രതിച്ഛായയില്ലാത്ത നേതാക്കളെ ഉള്‍പ്പെടുത്തി ബിജെപി തൃണമൂലിന്റ ബി ടീമായി മാറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ആരോപണങ്ങള്‍ നേരിടുന്ന ആളുകളും അല്ലെങ്കില്‍ അധാര്‍മികമോ നിയമവിരുദ്ധമോ ആയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും പാര്‍ട്ടിയില്‍ ചേരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ പറഞ്ഞു.
ബംഗാളില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കൈലാഷ് വിജയ്‌വര്‍ഗിയയാണ്. ഇനി മുതല്‍ പാര്‍ട്ടിയിലേക്ക് കൂട്ടത്തോടെ വരുന്നത് നടക്കില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൂക്ഷമ പരിശോധനകള്‍ നടത്തിയ ശേഷമേ പാര്‍ട്ടിയില്‍ പ്രവേശനം ലഭിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.