ന്യൂഡല്‍ഹി: യാത്രക്കിടെ സ്പൈസ് ജെറ്റില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് പറന്നുയര്‍ന്ന് നാല് മിനിട്ടിനു ശേഷം അടിയന്തരമായി തിരിച്ചിറക്കി. കോല്‍ക്കത്തയില്‍ നിന്നും ബാഗ്ഡോഗ്രയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റിന്റെ എസ്ജി 275 വിമാനത്തിലെ കാബിനിലാണ് തീ പടര്‍ന്നത്. പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി.
തിങ്കളാഴ്ച വൈകുന്നേരം 4:33നാണ് കോല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്. പെട്ടന്ന് തന്നെ കാബിനില്‍ നിന്നും പുക ഉയരുകയായിരുന്നു. തുടര്‍ന്ന് പൈലറ്റ് എടിസി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. 4:37നാണ് വിമാനം കോല്‍ക്കത്ത വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്.
ജോലിക്കാരും യാത്രക്കാരുമുള്‍പ്പെടെ വിമാനത്തിനകത്തുണ്ടായിരുന്ന 69 പേരും സുരക്ഷിതരാണ്. പശ്ചിമ ബംഗാള്‍ ഡി.ജി.പി വിരേന്ദ്ര, സുരക്ഷ ഉപദേഷ്ടാവ് സുരജിത്ത് കര്‍ പുര്കയസ്ത്ര എന്നിവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു.
വിമാനത്തിനകത്ത് പുക ഉയര്‍ന്നതെന്തുകൊണ്ടാണെന്ന് എന്‍ജിനീയറിങ് വിഭാഗം പരിശോധിച്ചു വരികയാണ്.