ന്യൂ ഡല്‍ഹി: ‘ദ് ക്യാരവന്‍’ മാഗസിന്റെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ച് ട്വിറ്റര്‍. ഡല്‍ഹിയില്‍ കര്‍ഷകസമരവേദിയ്ക്ക് സമീപത്ത് വച്ച് ക്യാരവന്റെ റിപ്പോര്‍ട്ടര്‍ മന്‍ദീപ് പുനിയയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്.
അതേസമയം, നിയമപരമായി നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ട്വിറ്റര്‍ അറിയിച്ചു. ക്യാരവന്‍ എഡിറ്റര്‍ വിനോദ് കെ ജോസ് തന്നെയാണ് ഈ വിവരം ആദ്യം ട്വിറ്ററില്‍ പങ്കുവച്ചത്. ഇതോടൊപ്പം കര്‍ഷകസമരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കുന്ന കിസാന്‍ ഏകതാ മോര്‍ച്ച എന്ന ട്വിറ്റര്‍ അക്കൗണ്ടും മരവിപ്പിച്ചിരിക്കുകയാണ്.
കര്‍ഷകസമരത്തിനിടെ റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്റ്റര്‍ പരേഡിനിടെ കര്‍ഷകന്‍ മരിച്ചതെങ്ങനെ എന്നതില്‍ തെറ്റായ വിവരം പങ്കുവെച്ചുവെന്നും, വര്‍ഗീയ വികാരം ഇളക്കിവിടുന്ന തരത്തില്‍ ട്വീറ്റുകള്‍ പങ്കുവച്ചുവെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ക്യാരവന്‍ എഡിറ്റര്‍ വിനോദ് കെ ജോസ്, ദ് വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, ഇന്ത്യാ ടുഡേയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി എന്നിവരടക്കം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ യുപി പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.