ദുബായ്: യുഎഇയിൽ സ്ഥിരതാമസമാക്കിയ ചില വിദേശികൾക്ക് പൗത്വം നൽകാനൊരുങ്ങി യുഎഇ. അബുദാബി, ദുബൈ എന്നിവിടെയാണ് സ്ഥിരതാമസത്തിന് അനുമതി നൽകുന്നത്.
എന്നാല്‍ യുഎഇയിൽ സ്ഥിരതാമസമാക്കിയ എല്ലാവർക്കും പൗരത്വം നൽകുകയില്ല. കലാകാരന്മാർ, എഴുത്തുകാർ, ഡോക്ടർ, എഞ്ചിനിയർ, ശാസ്ത്രജ്ഞർ എന്നിവർക്കും അവരുടെ കുടുംബത്തിനുമാണ് യുഎഇയിൽ പൗരത്വം ലഭിക്കുക. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം പൗരത്വത്തില്‍ വരുത്തിയ മാറ്റങ്ങള്‍ യു.എ.ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശനിയാഴ്ച അംഗീകരിക്കുകയായിരുന്നു.
അസാധാരണ കഴിവുകളുള്ളവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പൗരത്വം നല്‍കുന്നതിലൂടെ അവരെ യു.എ.ഇ സമൂഹത്തിന്റെ ഭാഗമാക്കുക, സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുക, ദേശീയ വികസന പ്രക്രിയയ്ക്ക് പ്രയോജനപ്പെടുത്തുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ചില നിബന്ധനകള്‍ക്ക് വിധേയമായാണ് പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിക്ഷേപകര്‍ക്ക് യു.എ.ഇയില്‍ ഒരു പ്രോപ്പര്‍ട്ടി ഉണ്ടായിരിക്കണം.. ഡോക്ടര്‍മാരും പ്രൊഫഷണലുകളും: യു.എ.ഇക്ക് ആവശ്യമായ ഒരു ശാസ്ത്രമേഖലയില്‍ പ്രാവീണ്യം നേടിയിരിക്കണം. പ്രത്യേക മേഖലയില്‍ 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധമാണ്. ശാസ്ത്രജ്ഞര്‍ ഒരു യൂണിവേഴ്സിറ്റി, ഒരു ഗവേഷണ സ്ഥാപനം അല്ലെങ്കില്‍ സ്വകാര്യ മേഖലയിലെ സജീവ ഗവേഷകനായിരിക്കണം. ഇവര്‍ക്കും 10 വര്‍ഷത്തെ പരിചയമുണ്ടായിരിക്കണം.
പ്രത്യേക കഴിവുള്ളവര്‍ എന്ന വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് യുഎഇ സാമ്ബത്തിക മന്ത്രാലയത്തിന്റെ ശുപാര്‍ശ കത്തിന് പുറമെ യുഎഇ സാമ്ബത്തിക മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ ഒരു പേറ്റന്റോ യുഎഇ സമ്ബദ്വ്യവസ്ഥയെ സ്വാധീനിക്കുന്ന ഏതെങ്കിലും അന്താരാഷ്ട്ര സ്ഥാപനത്തിലെ അംഗമോ ആയിരിക്കണം. ബുദ്ധിജീവികള്‍ക്കും കലാകാരന്മാര്‍ക്കും യു.എ.ഇ പ്രസക്തമായ സ്ഥാപനങ്ങളില്‍ നിന്നുള്ള ശുപാര്‍ശ കത്തിന് പുറമേ, ഇത്തരക്കാര്‍ കുറഞ്ഞത് ഒരു അന്താരാഷ്ട്ര അവാര്‍ഡെങ്കിലും ലഭിച്ചിരിക്കണം.
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പൗരത്വം നല്‍കുന്നതിനൊപ്പം, അവരുടെ നിലവിലെ പൗരത്വം നിലനിര്‍ത്താനും നിയമം അനുവദിക്കുന്നു. നേരത്തെ യു.എ.ഇ ഇരട്ട പൗരത്വം അംഗീകരിച്ചിരുന്നില്ല.
90 ലക്ഷത്തിലേറെ പേരാണ് യുഎഇയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഇതിൽ പത്ത് ശതമാനം പേർ മാത്രമാണ് അവിടുത്തെ പൗരന്മാർ. നവംബറിൽ യുഎഇയിലെ നിയമങ്ങളിൽ അയവ് വരുത്തിയിരുന്നു. അവിവാഹിതരെ ഒരുമിച്ച് താമസിക്കാൻ അനുവദിക്കുക, മദ്യ നിയമത്തിൽ അയവ് വരുത്തിക, ദുരഭിമാനക്കൊലകൾ ക്രിമിനൽ കുറ്റമാക്കുക എന്നിവയായിരുന്നു പുതുതായി കൊണ്ടുവന്ന മാറ്റങ്ങൾ.