അഹമ്മദാബാദ്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ നാല് നഗരങ്ങളില്‍ രാത്രികാല കര്‍ഫ്യൂ നീട്ടി. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നീ നാല് നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ആണ് ഫെബ്രുവരി 15 വരെ നീട്ടിയത്. രാത്രി 11 മുതല്‍ രാവിലെ ആറ് മണിവരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂ സമയം ഒരുമണിക്കൂര്‍ കുറച്ചിട്ടുണ്ട്.
ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ കഴിഞ്ഞ ഡിസംബര്‍ മുതലാണ് അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള നാല് നഗരങ്ങളില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. നിലവില്‍ സംസ്ഥാനത്ത് 3,589 കോവിഡ് രോഗികള്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇതിനോടകം 2,60,901 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 100ല്‍ നിന്ന് 200 ആക്കിയും സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഹാളുകളില്‍ നടക്കുന്ന പരിപാടികളില്‍ 50 ശതമാനം സീറ്റുകളില്‍ വരെ ആളുകളെ പ്രവേശിപ്പിക്കാം.
വിവാഹങ്ങള്‍, ആരാധനാലയങ്ങള്‍, ഷോപ്പിങ് മാള്‍, ഹോട്ടല്‍, സിനിമാ തീയേറ്റര്‍, നീന്തല്‍കുളം, വ്യായാമകേന്ദ്രം, സ്‌കൂള്‍, കോളേജ് തുടങ്ങിയ ഇടങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ഉറപ്പാക്കുമെന്നും അഡീഷ്ണല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി.