ന്യൂ ഡല്‍ഹി: പോക്‌സോ കേസുകളില്‍ വിവാദ വിധികള്‍ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു. ചര്‍മത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ശരീരത്തില്‍ മോശം രീതിയില്‍ പിടിക്കുന്നത് ലൈംഗിക പീഡനമാകില്ലെന്നടക്കമുള്ള ഉത്തരവുകളാണ് ഇവര്‍ ഇറക്കിയത്.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളീജിയമാണ് ജസ്റ്റിസ് ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനായി ജനുവരി 20ന് കേന്ദ്ര സര്‍ക്കാരിനയച്ച ശുപാര്‍ശ തിരിച്ചുവിളിച്ചത്. ജസ്റ്റിസുമാരായ എന്‍വി രമണയും രോഹിന്‍ടന്‍ നരിമാനും കൊളീജിയത്തിലെ അംഗങ്ങളാണ്.
ജസ്റ്റിസ് പുഷ്പ വി ഗനേഡിവാല നിലവില്‍ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയാണ്. പോക്‌സോ കേസുകളില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് വ്യത്യസ്ത കേസുകളില്‍ ജസ്റ്റിസ് ഗനേഡിവാല പ്രതികളെ കുറ്റമുക്തരാക്കിയിരുന്നു.
12 വയസ് പ്രായമുള്ള കുട്ടിയുടെ വസ്ത്രം നീക്കം ചെയ്യാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴില്‍ വരില്ലെന്ന ജനുവരി 19ന് ഇവര്‍ പുറപ്പെടുവിച്ച വിധിയാണ് വലിയ കോളിളക്കം സൃഷ്ടിച്ചത്. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി ഈ വിധി സ്‌റ്റേ ചെയ്തിരുന്നു.
പെൺകുട്ടിയുടെ കൈകളിൽ പിടിച്ചാലും പ്രതി പാന്റ്സിന്റെ സിപ് തുറന്നാലും പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്ന വിധിയും പിന്നാലെ ഉണ്ടായി. 2019 ഫെബ്രുവരിയിലാണ് ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയെ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ചത്. 2007ല്‍ ജില്ലാ ജഡ്ജിയായാണ് അവര്‍ ജൂഡീഷ്യല്‍ ജീവിതം ആരംഭിച്ചത്.