കരയും കടലും വാനവും തന്‍റെ കൈപ്പിടിയിലൊതുക്കി അറിവിന്‍റെ വിശാല ലോകം പടത്തുയര്‍ത്തിയ വ്യക്തിയാണ് മുറാദ് ഗണ്ടവറു അലി മണിക്ഫാന്‍. ലോകത്തെ അദ്ഭുതപ്പെടുത്തിയ ശാസ്ത്രജ്ഞന്‍, ഗവേഷണ പ്രബന്ധങ്ങളുടെ പേരിൽ രാജ്യാന്തര സര്‍വകലാശാലകൾ വരെ വീക്ഷിക്കുന്ന വ്യക്തി. ഇപ്പോഴിതാ പത്മശ്രീ പുരസ്‌കാര നിറവില്‍ എത്തി നില്‍ക്കുന്നു. അലി മണിക്ഫാന്‍ എന്ന നാവിക ഗോള ശാസ്ത്ര ഗവേഷകന്‍ അംഗീകരിക്കപ്പെടുമ്പോള്‍ കടലും കരയും ആകാശവും ഒരുപോലെ ആനന്ദം കൊള്ളുകയാണ്.
പ്രാഥമിക വിദ്യാഭ്യാസം മാത്രം കൈമുതലാക്കി ആകാശവും അതിന് താഴെയുള്ള വിശാല ലോകവുമാകുന്ന പാഠശാലയില്‍ മണിക്ഫാന്‍ കണ്ടുപിടുത്തങ്ങളുടെ പുതിയ ലോകം സൃഷ്ടിക്കുകയായിരുന്നു. ശാരീരിക ഭാഷയും വേഷവും കൊണ്ട് വ്യത്യസ്തനായ, മെലിഞ്ഞുണങ്ങിയ ഈ മനുഷ്യന്‍റെ സര്‍ഗാത്മകത അളക്കുകയെന്നത് പ്രായോഗികമല്ല. കാരണം, ജീവിതത്തിന്‍റെ എട്ടു പതിറ്റാണ്ട് കാലത്തെ അനുഭവത്തെ അത്രവേഗം അളന്ന് കുറിക്കാന്‍ കഴിയില്ല. അത്രയ്ക്കുണ്ട് തലപ്പാവ് വെച്ച് അറബ് വേഷമായ അബായ ധരിച്ച് താടി വെച്ച ഈ പച്ച മനുഷ്യന്‍റെ പ്രതിഭ.
#PadmaAwards 2021 announced
Awards are given in various fields of activities, viz.- art, social work, public affairs, science & engineering, trade & industry, medicine, etc
The list comprises 7 Padma Vibhushan, 10 Padma Bhushan & 102 Padma Shri Award
— PIB India (@PIB_India)
January 25, 2021
സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനുമായാണ് അലി മണിക്ഫാൻ അറിയപ്പെടുന്നതെങ്കിലും അതിനേക്കാൾ വിഷയങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ബഹുഭാഷാപണ്ഡിതൻ, കപ്പൽനിർമാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്.

മൂസ മാണിക്ഫാന്‍റെയും ഫാത്തിമ മാണിക്കയുടേയും മകനായി മിനിക്കോയ് ദ്വീപിൽ 1938 മാർച്ച് 16നാണ് മണിക്ഫാൻ എന്ന ഗവേഷകൻ ജനിച്ചത്. പിതാവ് മൂസ മണിക്ഫാന്‍ കോടതി ആമീൻ ആയിരുന്നു. ഉപ്പ കോഴിക്കോട്ട് ഹജൂർ കച്ചേരിയിലേക്കും ഉപ്പാപ്പ വ്യാപാരത്തിനായി കേരളത്തിലും തമിഴ്‌നാട്ടിലും മംഗലാപുരത്തേക്കുമായി ചരക്ക് കപ്പലിലും യാത്ര തിരിക്കുമ്പോൾ കുഞ്ഞു മണിക്ഫാനെയും ഒപ്പം കൂട്ടാറുണ്ടായിരുന്നു. അന്നുതൊട്ട് ഉരുത്തിരിഞ്ഞതാണ് കേരളവുമായുള്ള ബന്ധം. മണിക്ഫാന്‍റെ പിതാവിന്റെ പിതാവ് ദ്വം മണിക് ഫാന് സ്വന്തമായി ചരക്ക് കപ്പൽ ഉണ്ടായിരുന്നു. അതിനാല്‍ മൂന്ന് മുതൽ അഞ്ച് വയസ്സുവരെ മണിക്ഫാന്‍ കടൽതീരത്തും കടലിലെ ലഗൂണിലുമായി കൂടുതൽ സമയം ചെലവഴിച്ചു.
മണിക്ഫാനെ ഇംഗ്ലീഷ് പഠിപ്പിക്കണമെന്നായിരുന്നു പിതാവിന്‍റെ മോഹം. എന്നാല്‍, അന്ന് ദ്വീപിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായിരുന്നു . അങ്ങനെ പത്താം വയസ്സിൽ പിതാവിന്‍റെ ഓഫീസ് ക്ലാർക്കിനൊപ്പം കണ്ണൂരിലേക്ക് സ്കൂൾപഠനത്തിന് പോയി. കണ്ണൂർ ഹയർ എലിമെന്‍ററി സ്കൂളിൽ ചേര്‍ന്ന് ഏഴാം തരം വരെ പഠിച്ചു. പക്ഷെ അക്കാലത്തെ വ്യവസ്ഥാപിത വിദ്യാഭ്യാസരീതിക്ക് മണിക്ഫാൻ എതിരായിരുന്നതിനാൽ പഠനം പാതിവഴിയില്‍ നിര്‍ത്തി കണ്ണൂരിൽ നിന്ന് മിനിക്കോയിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. വിദ്യാഭ്യാസം സ്വയം ആർജ്ജിക്കേണ്ടതാണ് എന്നതായിരുന്നു ആദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്.

നിലവിലുള്ള വിദ്യാഭ്യാസരീതി സ്വതന്ത്രചിന്തയെ ഇല്ലാതാക്കുമെന്ന് മണിക്ഫാന്‍ പന്ത്രണ്ടാം വയസ്സിൽ തിരിച്ചറിഞ്ഞു. “ഇന്നത്തെ കുട്ടികൾക്ക് എവിടെയാണ് അവരുടെ ചിന്തയ്ക്കനുസരിച്ച് ആശയങ്ങൾ രൂപപ്പെടുത്താൻ സാധിക്കുക. അവരോട് പഠിക്കൂ കൂടുതൽ മാർക്ക് വാങ്ങിക്കൂവെന്നല്ലേ എല്ലാവരും പറയുന്നത്. വീട്ടിലായാലും സ്കൂളിലായാലും ഇതാണവസ്ഥ. അതുകൊണ്ടാണ് ഞാൻ ഔപചാരിക വിദ്യാഭ്യാസം വേണ്ടെന്നുവെച്ചത്,’’ ഇതാണ് മണിക്ഫാന്‍റെ വാദം.
വിദ്യാർഥികളെ അറിവിന്റെ ലോകത്തേക്ക് സ്വതന്ത്രമായി വിടണം. ഒരു കാര്യം പഠിക്കാൻ മനസ്സുണ്ടെങ്കിൽ എന്തും പഠിച്ചെടുക്കാം. സ്കൂൾ വിദ്യാഭ്യാസകാലത്ത് കുട്ടികൾക്ക് താത്‌പര്യമില്ലാത്ത കാര്യങ്ങൾ പഠിച്ച് സമയം നഷ്ടപ്പെടുത്തുകയാണെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. കുട്ടികൾക്ക് അവരുടെ കുട്ടിക്കാലം പിന്നിട്ടുപോയാൽ പിന്നെ തീവ്രമായ ജിജ്ഞാസ ജീവിതത്തിലൊരിക്കലും ഉണ്ടാവില്ലെന്നും അതുകൊണ്ട് ചെറുപ്പത്തിലേ അവർക്ക് താത്‌പര്യമുള്ളതും സമൂഹത്തിന് ഗുണപരവുമായ മേഖലകളിലേക്ക് തിരിച്ചുവിടാൻ വിദ്യാഭ്യാസംകൊണ്ട് സാധിക്കണമെന്നും അല്ലെങ്കിൽ എല്ലാം പാഴായിപ്പോകുമെന്നും ആ 83 കാരന്‍ പറയുന്നു.

സ്കൂള്‍ പഠനം മതിയാക്കിയ മണിക്ഫാന്‍ മിനിക്കോയിയില്‍ തിരിച്ചെത്തി ഇംപീരിയൽ ലൈറ്റ് ഓഫീസർമാരായ എൻജിനീയർമാരിൽനിന്ന് ലൈറ്റ് ഹൗസ് സംവിധാനങ്ങൾ, സിഗ്നൽ എന്നിവ പഠിച്ചു. ഓഫീസർമാരെല്ലാം സിലോണിൽ നിന്നുള്ളവരായിരുന്നു. ഇവർക്കൊപ്പം കൂടി വയർലെസ് ഓഫീസർമാരിൽനിന്ന് കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങളിൽ അറിവ് നേടി. ഉപഗ്രഹങ്ങളെപ്പറ്റിയും മറ്റും അക്കാലത്ത് പഠിച്ചു.
തനിക്ക് വായിക്കാനുളള പുസ്തകങ്ങൾ മിനിക്കോയിയിലെ ലൈറ്റ് ഹൗസ് ലൈബ്രറിയിൽനിന്നാണ് മണിക്ഫാന്‍ ശേഖരിച്ചത്. ദ്വീപിൽ മറ്റെവിടെയും പുസ്തകങ്ങളോ മാസികകളോ ലഭിക്കാറില്ലായിരുന്നു. ലൈറ്റ് ഹൗസിൽ ജോലിയിലിരിക്കെ ഒരു ഫ്രഞ്ച് കപ്പലിലെത്തിയവര്‍ കുറേ മാസികകൾ മണിക്ഫാന് നല്‍കി. പക്ഷെ, അവ ഇംഗ്ലീഷാണെന്ന് പെട്ടെന്ന് തോന്നുമെങ്കിലും വായിക്കാൻ കഴിയുന്നില്ലായിരുന്നു. പിന്നീട് ലൈറ്റ് ഹൗസിലെ സഹപ്രവർത്തകരാണ് അവയെല്ലാം ഫ്രഞ്ച് മാസികകളാണെന്ന് അദ്ദേഹത്തോട് പറഞ്ഞത്. ഇതോടെയാണ് ഫ്രഞ്ച് പഠിക്കാനുള്ള ആഗ്രഹമുണ്ടായത്. അങ്ങനെ ലോകഭാഷകളിലേക്കുള്ള പഠനതാത്‌പര്യവുമുണ്ടായി.

പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ള മണിക്ഫാൻ ഇന്ന് മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, ലക്ഷദ്വീപിലെ മഹൽ, അറബി, ഉർദു, ഇംഗ്ലിഷ്, ലാറ്റിൻ, ഫ്രഞ്ച്, റഷ്യൻ, ജർമൻ, പേർഷ്യൻ തുടങ്ങി പതിനാലിൽ പരം ഭാഷകൾ സംസാരിക്കും. സമുദ്ര ഗവേഷകൻ, ജ്യോതിശാസ്ത്രജ്ഞൻ, ഭൂമിശാസ്ത്രജ്ഞൻ, സാമൂഹ്യശാസ്ത്രജ്ഞൻ, ടെക് വിദഗ്‌ധൻ, പരിസ്ഥിതി പ്രവർത്തകൻ, കർഷകൻ, പ്രകൃതി നിരീക്ഷകൻ, ഇസ്‌ലാമിക് പണ്ഡിതൻ തുടങ്ങി വിവിധങ്ങളായ വിശേഷണങ്ങളും മണിക്ഫാന് സ്വന്തം.
സമുദ്രജീവിശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, ദ്വീപിന്‍റെ തനതു സമ്പത്തായ കപ്പൽനിർമാണം തുടങ്ങിയ വിഷയങ്ങളിൽ അറിവ് സമ്പാദിക്കാനാണ് അദ്ദേഹം കൂടുതൽ സമയവും വിനിയോഗിച്ചിട്ടുള്ളത്. 1956ൽ അധ്യാപകനായും തുടർന്ന് കേന്ദ്ര സർക്കാരിന്‍റെ ചീഫ് സിവിൽ ഒഫീഷ്യലിന്‍റെ ഓഫീസിലും സേവനം ചെയ്തിട്ടുണ്ട്.
സമുദ്ര ഗവേഷണമാണ് അദ്ദേഹത്തിന് ഏറ്റവും താത്പര്യമുള്ള വിഷയം. 1960ലാണ് മണിക്ഫാന്‍ ഫിഷറീസ് വകുപ്പിൽ ഗവേഷകനായി ചേര്‍ന്നത്. മണിക്ഫാന്‍റെ കഴിവുകളെ തിരിച്ചറിഞ്ഞ പ്രശസ്ത മറൈൻ ബയോളജിസ്റ്റും സെൻട്രൽ മറൈൻ റിസേർച്ച് ഇൻസ്റ്റിട്ട്യൂട്ടിന്റെ ഡയറക്ടറുമായ ഡോ. എസ് ജോൺസ് കേന്ദ്ര ഫിഷറീസ് വകുപ്പിലേക്ക് അദ്ദേഹത്തെ ശുപാർശ ചെയ്യുകയാണുണ്ടായത്. 1960 മുതൽ 1980 വരെ അവിടെ ജീവനക്കാരനായി. ഡോ. എസ് ജോൺസ് വിരമിച്ചതോടെ മണിക്ഫാനും ആ ഓഫീസിന്റെ പടിയിറങ്ങി.
ഇന്ന് മണിക്ഫാന്റെ പേരിൽ ഒരു മത്സ്യവർഗം തന്നെ അറിയപ്പെടുന്നുണ്ട്. ‘അബു ഡഫ് ഡഫ് മണിക് ഫാനി’ എന്നാണ് അലി മണിക്ഫാൻ കണ്ടെത്തിയ സ്പീഷീസ് അറിയപ്പെടുന്നത്. ഡഫ് ഡഫ് മൽസ്യവർത്തിലെ അനേകം സ്പീഷീസുകളിലൊന്നാണിത്. ഡോ. എസ് ജോൺസ് അപൂർവയിനത്തിൽ പെട്ട മത്സ്യങ്ങളെ വർഗീകരിച്ചപ്പോൾ മണിക്ഫാന്‍റെ ഈ നേട്ടത്തെയും പ്രത്യേകം പരാമർശിക്കുന്നുണ്ട്. 400 മൽസ്യ ഇനങ്ങളെ തിരിച്ചറിയാനും മണിക്ഫാന് സാധിക്കും. സമുദ്രശാസ്ത്രജ്ഞര്‍ മത്സ്യങ്ങളുടെ വ്യത്യസ്ത വർഗങ്ങളെ തിരിച്ചറിയാൻ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ മണിക്ഫാന്‍റെ സഹായം തേടാറുമുണ്ട്.

മണിക്ഫാന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തിരുന്ന കാലത്താണ് മിനിക്കോയ് ദ്വീപിൽനിന്ന് കല്ലിന്‍റെ നങ്കൂരം ലഭിച്ചത്. ഫിഷറീസ് വകുപ്പ് ഏറെ സമുദ്ര ഖനനം നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഇപ്പോൾ മറൈൻ ആർക്കിയോളജി വകുപ്പിന്‍റെ ശേഖരത്തിലുള്ള ഈ കല്ല് ഇരുമ്പ് കണ്ടുപിടിക്കുന്നതിനുമുമ്പ് പായക്കപ്പലിന്‍റെ നങ്കൂരമായി ഉപയോഗിച്ചതാണെന്ന് അന്ന് മണിക്ഫാൻ കണ്ടെത്തി. ഏകദേശം ബിസി മൂവായിരം വർഷങ്ങൾക്കുമുമ്പുള്ളതാണ് ആ കല്ലെന്ന് കാലനിർണയം നടത്താൻ അദ്ദേഹത്തിന് സാധിച്ചു.
ജർമൻകാരിയായ എലൻ കാർട്ണർ ആണ് ഇത്തരമൊരു കല്ലിനെക്കുറിച്ച് മണിക്ഫാന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്. അവർ മഹൽ ഭാഷ പഠിക്കാൻവേണ്ടി ദ്വീപിൽ എത്തിയതായിരുന്നു. മിനിക്കോയിയിലെ ജുമഅത്ത് പള്ളിയുടെ നിർമാണത്തിനിടയിലാണ് ഈ കല്ല് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കൂടാതെ, കണ്ണൂരിൽ നിന്നും ഗോവയിൽ നിന്നും ഇത്തരം കല്ലുകൾ കിട്ടിയിരുന്നു. ഈ മൂന്ന് കല്ലുകളുടെയും, മണിക്ഫാന്‍റെ കാലനിർണയം ഇന്ത്യയിലെ ഈ മേഖലയിലെ ഗവേഷകയായ ഡോ ഷീലാ മണി ത്രിപാഠി ശരിവെയ്ക്കുകയും ചെയ്തിരുന്നു.
അക്കാലത്ത്, പരമ്പരാഗതമായ ഒരു അറബിക്കപ്പൽ ഉണ്ടാക്കാൻ ആരെങ്കിലുമുണ്ടോയെന്ന ഐറിഷ് സഞ്ചാരിയായ ടിം സെവറിന്‍റെ അന്വേഷണം മണിക്ഫാനിലെത്തിപ്പെട്ടു. അങ്ങനെയാണ് അറബികളുടെ പാരമ്പര്യ ചരക്കുകപ്പലായ സോഹറിന്‍റെ നവീകരിച്ച മാതൃക മണിക്ഫാന്‍ രൂപകല്പന ചെയ്യുന്നത്. പെരുമ്പാവൂരിൽ നിന്നാണ് കപ്പലിനുള്ള മരം ഒമാനിലേക്ക് കൊണ്ടുപോയത്. ഒമാനിലാണ് കപ്പൽനിർമാണം പൂർത്തിയാക്കിയതും. ലോഹഭാഗങ്ങളൊന്നും ഉപയോഗിക്കാതെ അയനി മരവും കയറും മാത്രമുപയോഗിച്ച് കൈകൊണ്ട് നിർമിച്ചതായിരുന്നു കപ്പല്‍.

പിന്നീട് ഐറിഷ് സമുദ്രസാഹസിക സഞ്ചാരിയായ ടീം സെവറിൻ ഒമാനിൽനിന്ന് ചൈനയിലേക്കുള്ള യാത്രയ്ക്ക് ഈ കപ്പൽ ഉപയോഗിച്ചു. ഇത് ഒമാൻ രാജാവിന്‍റെ കൊട്ടാരത്തിനടുത്ത് ഇപ്പോഴും പ്രദർശനത്തിന് വെച്ചിട്ടുണ്ട്. അക്കാലത്തുതന്നെയാണ് അലി മണിക്ഫാനും സുഹൃത്തും തകരം കൊണ്ടുള്ള പ്രൊപ്പല്ലർ ഘടിപ്പിച്ച ഒരു ബോട്ട് നിർമിച്ചത്. ലൈറ്റ് ഹൗസിലേക്ക് വരുമ്പോൾ കടലിലൂടെ മൂന്നും നാലും കിലോമീറ്റർ ഈ ബോട്ടിലാണ് സുഹൃത്തും മണിക്ഫാനും സഞ്ചരിച്ചിരുന്നത്.
മുസ്‌ലിം സമൂഹത്തിന് ലോകത്ത് എവിടെയും ഉപയോഗിക്കാൻ സാധിക്കുന്ന ഹിജ്റ കലണ്ടറും അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിലവിലെ രീതികൾ മാറി എല്ലാ രാജ്യങ്ങളിലും ഒരു ദിവസം തന്നെ മുസ്‌ലിം ആഘോഷങ്ങൾ നടത്തണമെന്നാണ് ഈ കലണ്ടറിൽ പറയുന്നത്. എന്നാല്‍, ഇത് ഇസ്‌ലാമിക് നിയമങ്ങൾക്ക് ചേരുന്നതല്ലെന്നും പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിൽ മാത്രമെ ഒരു സ്ഥലത്ത് ആഘോഷങ്ങൾ നടത്താനാകൂ എന്നതാണ് മതനിയമം എന്നും വാദങ്ങളുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മണിക്ഫാന്‍റെ കലണ്ടറിനെതിരെ വിമർശനങ്ങള്‍ ഉയർന്നിരുന്നു. എന്നാൽ, ജ്യോതിശാസ്ത്രവും ജ്യോതിഷവും രണ്ടാണെന്നാണ് മണിക്ഫാന്‍റെ വാദം.

കോഴിക്കോട് ജില്ലയിലെ പൂളക്കടവില്‍ ഒരു വാടക വീട്ടിലാണ് അലി മണിക്ഫാൻ ഇപ്പോള്‍ താമസിക്കുന്നത്. ആദ്യ ഭാര്യയുടെ മരണശേഷം 2010ലാണ് മണിക്ഫാൻ നല്ലളം വലിയകത്ത് സുബൈദയെ വിവാഹം കഴിക്കുന്നത്. ദ്വീപിലും തമിഴ്നാട്ടിലുമൊക്കെയായി താമസിച്ചിരുന്ന മണിക്ഫാൻ കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് പൂളക്കടവിനടുത്ത ഓട് മേഞ്ഞ ചെറിയ വാടക വീട്ടിൽ താമസം തുടങ്ങിയത്. സെൻട്രൽ മറൈൻ ഫിഷറിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിരമിച്ച ശേഷം ലഭിക്കുന്ന പെൻഷനാണ് മണിക്ഫാൻ്റെയും ഭാര്യയുടെയും ജീവിതോപാധി. ഇടക്ക് പലരും ക്ലാസുകളെടുക്കാനും പ്രഭാഷണങ്ങൾക്കുമായി വിളിക്കാറുണ്ടെങ്കിലും മിക്ക സമയങ്ങളിലും എഴുത്തും വായനയുമായി ആ കൊച്ചു വീട്ടിൽ പുത്തന്‍ ഗവേഷണങ്ങളുടെ ലോകത്ത് വ്യാപൃതനാണ് മണിക്ഫാന്.
















