ലണ്ടന്‍: മുന്‍ ഇസ്രായേലി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജറായി നിയമിച്ചതില്‍ ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിയില്‍ ഭിന്നത. ലേബര്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കം നിരവധി പേര്‍ വിഷയത്തില്‍ നേതൃത്വത്തിനെതിരെ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തി.
ഇസ്രായേലി ആര്‍മിയുടെ സിഗ്നല്‍സ് ഇന്റലിജന്‍സ് ആന്റ് സര്‍വൈലന്‍സ് ഏജന്‍സിയായ യൂണിറ്റ് 8200ല്‍ സേവനം അനുഷ്ടിച്ചിരുന്ന അസ്സഫ് കപ്ലാനെ സോഷ്യല്‍ മീഡിയ മാനേജരായി തെരഞ്ഞെടുത്തതിലാണ് ഇപ്പോള്‍ പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. ലേബര്‍ പാര്‍ട്ടി നേതാവായ കെയര്‍ സ്റ്റാര്‍മറുടെ ഓഫീസിലേക്കാണ് അസ്സാഫ് കപ്ലാനെ നിയമിച്ചത്.
പലസ്തീനിയന്‍ പൗരന്മാരെ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുന്നതിന്റെ പേരില്‍ വ്യാപക പരാതികള്‍ ഉയര്‍ന്ന സുരക്ഷാ എജന്‍സിയാണ് യൂണിറ്റ് 8200. പലസ്തീനിയന്‍ പൗരന്മാരുടെ ഫോണ്‍കോളുകള്‍ ടാപ്പ് ചെയ്യുന്നതടക്കം സ്വകാര്യത നിയമങ്ങളെല്ലാം ലംഘിക്കുന്ന തരത്തിലുള്ള സര്‍വൈലന്‍സാണ് ഈ ഏജന്‍സി നടപ്പിലാക്കിയിരുന്നതെന്നാണ് വിമര്‍ശനങ്ങളില്‍ പറയുന്നത്.
പലസ്തീനിയന്‍ പൗരന്മാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനും ചാരന്മാരെ റിക്രൂട്ട് ചെയ്യാനും ഏജന്‍സി സഹായിച്ചിരുന്നു. ഇസ്രായേലി മിലിട്ടറി ഉദ്യോഗസ്ഥര്‍ക്കെതിരെ വിചാരണ നടക്കുമ്പോള്‍ അവര്‍ക്കെതിരെ നടപടികളുണ്ടാകാതിരിക്കാനും യൂണിറ്റ് 8200 ശ്രമിച്ചിരുന്നു.
കര്‍ശന നിരീക്ഷണത്തിലൂടെ കണ്ടെത്തുന്ന സ്വകാര്യവിവരങ്ങള്‍ ഉപയോഗിച്ച് പരാതിക്കാരെയോ ബന്ധപ്പെട്ടവരെയോ ഭീഷണിപ്പെടുത്തിയായിരുന്നു ഏജന്‍സി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇത്തരം ഒരു ഏജന്‍സിയില്‍ പ്രവര്‍ത്തിച്ച ഒരാളെ ഉപയോഗിക്കുന്നത് ലേബര്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് എതിര്‍പ്പുന്നയിച്ചെത്തിയ നേതാക്കള്‍ പറയുന്നത്.
‘സോഷ്യല്‍ മീഡിയ രംഗത്ത് പാര്‍ട്ടിക്ക് എത്ര തന്നെ ഗുണമുണ്ടെന്ന് പറഞ്ഞാലും, പലസ്തീനിയന്‍ പൗരന്മാരുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്നതില്‍ പ്രധാന പങ്കുള്ള ഏജന്‍സിയില്‍ പ്രവര്‍ത്തിച്ച ഒരാളെ നിയമിക്കുന്ന തീരുമാനത്തെ ആരും അംഗീകരിക്കുമെന്ന് തോന്നുന്നില്ല.’ ലേബര്‍ പാര്‍ട്ടി മുന്‍ കൗണ്‍സിലറായ ജോണ്‍ മക്‌ഡോണല്‍ പറഞ്ഞു.
അസ്സാഫ് കപ്ലാന്‍ ഇസ്രായേലിന് വേണ്ടിയാണോ ലേബര്‍ പാര്‍ട്ടിക്ക് വേണ്ടിയാണോ പ്രവര്‍ത്തിക്കുക എന്ന കാര്യത്തില്‍ പോലും സംശയമുണ്ടെന്നാണ് മുതിര്‍ന്ന നേതാവായ ക്രിസ് മുള്ളിന്‍ പ്രതികരിച്ചത്.
ലേബര്‍ പാര്‍ട്ടി തീരുമാനത്തോട് രൂക്ഷ ഭാഷയിലാണ് പലസ്തീനിലെ മനുഷ്യാവകാശ സംഘടനകള്‍ പ്രതികരിച്ചത്. സെക്ഷ്വല്‍ ഓറിയന്റേഷന്റെ പേരില്‍ നിരവധി പലസ്തീനിയന്‍ പൗരന്മാരെ നിരന്തരം വേട്ടയാടുന്ന യൂണിറ്റ് 8200 ഉദ്യോഗസ്ഥനെ ലേബര്‍ പാര്‍ട്ടി മാധ്യമ ചുമതല നല്‍കുന്നത് നാണക്കേടിനേക്കാള്‍ അപ്പുറമാണെന്നാണ് സാമൂഹ്യപ്രവര്‍ത്തകയായ ഗദീര്‍ അല്‍-ഷാഫി പറഞ്ഞത്.