വാഷിംങ്ടണ്‍: അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ജനുവരി 20 ന് വാഷിംങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡോണാള്‍ഡ് ട്രംപ്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വാഷിംങ്ടണ്‍ മേയര്‍ മൂരിയല്‍ ബൗസര്‍ ജനുവരി 20ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രസിഡന്റിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
കാപ്പിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബൈഡന്റെ സ്ഥാനാരോഹണ ദിവസം സുരക്ഷ എന്ന നിലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കാപ്പിറ്റോള്‍ ആക്രമണത്തിന് സമാനമായ ആക്രണണം ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ദിവസം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉത്തരവിറക്കിയത്.
അമേരിക്കന്‍ പ്രസിഡന്‍റ് ചുമതലയേറ്റെടുക്കുന്നതിന് മുന്‍പായി നടത്താറുള്ള നാഷണല്‍ സ്പെഷ്യല്‍ സെക്യൂരിറ്റി ഇവന്‍റ് പ്രവര്‍ത്തനങ്ങള്‍- അതായത് രഹസ്യന്വേഷണ വിഭാഗത്തിന്‍റെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ നേരത്തെ ആരംഭിക്കാന്‍ അമേരിക്കന്‍ രഹസ്യന്വേഷണ വിഭാഗത്തിന് യുഎസ് ആഭ്യന്തര സുരക്ഷ വകുപ്പ് നിര്‍ദേശം നല്‍കി. ഇത് പ്രകാരം 16ന് തുടങ്ങേറ്റ ഒരുക്കങ്ങള്‍, ജനുവരി 13ന് തന്നെ ആരംഭിക്കും.
ജനുവരി 20 മുതല്‍ 24വരെയാണ് വാഷിംങ്ടണില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മറ്റു സംസ്ഥാനക്കാര്‍ ബൈഡന്‍റെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രമായി വാഷിംങ്ടണിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് വാഷിംങ്ടണ്‍ മേയര്‍ പറഞ്ഞത്. ‘താന്‍ എന്തെങ്കിലും ഭയക്കുന്നുണ്ടെങ്കില്‍ രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ചാണ്. കാരണം വളരെ തീവ്രമായ ചില ഗ്രൂപ്പുകള്‍ അയുധധാരികളും അപകടകാരികളുമാണ്’- വാഷിംങ്ടണ്‍ മേയര്‍ പറയുന്നു.