ജക്കാര്‍ത്ത: കാണാതായ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്തോനേഷ്യ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച പറന്നുയര്‍ന്ന ഉടന്‍ ബന്ധം നഷ്ടമായ ശ്രീവിജയ എയര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ജക്കാര്‍ത്തന്‍ തീരത്തിനടുത്ത് കടലില്‍ കണ്ടെത്തിയെന്നാണ് സൂചന. എന്നാല്‍ ഇത് കാണാതായ വിമാനത്തിന്റേത് തന്നെയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.
പടിഞ്ഞാറന്‍ കലിമന്താനിലെ പോണ്ടിയാനാക്കിലേക്കുള്ള യാത്രമധ്യേ ബോയിങ് 737-500 വിമാനത്തിന്റെ ബന്ധം നഷ്ടമാകുകയായിരുന്നു. 56 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മൂന്ന് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 10 കുട്ടികളാണ് വിമാനത്തിലുണ്ടായിരുന്നത്.
വെസ്റ്റ് കളിമന്ദാന്‍ പ്രവിശ്യയിലെ പൊന്‍റിയാനാകിലേക്ക് പോകുകയായിരുന്നു വിമാനം. ഉച്ചക്ക് 1.56ഓടെ പറന്നുയര്‍ന്ന് നാല് മിനിറ്റിനകം വിമാനത്തില്‍ നിന്ന് സിഗ്നല്‍ ലഭിക്കാതായി. വിമാനത്തിനായി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. ഉച്ച 2.40നാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് വ്യോമഗതാഗത മന്ത്രാലയ വക്താവ് അദിത ഐരാവതി വ്യക്തമാക്കി. നാലു മിനിറ്റോളം വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് കുത്തനെ താഴേക്ക് പറന്നതായാണ് ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റകള്‍ നല്‍കുന്ന വിവരം.