റിയാദ്: ഖത്തറിനെതിരേ സൗദി അടക്കം നാല് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചു. ജി.സി.സി രാജ്യങ്ങള്‍ ഐക്യകരാറില്‍ ഒപ്പ് വെച്ചു. ഇതോടെ മൂന്നര വര്‍ഷം നീണ്ട പ്രതിസന്ധിക്കാണ് വിരമാമായിരിക്കുന്നത്. ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ ഉപരോധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് സൗദി അറേബ്യയിലെ അല്‍ ഉലയില്‍ നടന്ന ഗള്‍ഫ് ഉച്ചകോടിയില്‍ സൗദി വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു.
യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളും ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ചു.
നേരത്തെ സൗദി അറേബ്യ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന അതിര്‍ത്തികളിലെ ഉപരോധം സൗദി നീക്കിയിരുന്നു. മൂന്നര വര്‍ഷത്തെ ഭിന്നതകള്‍ പരിഹരിച്ചുകൊണ്ടാണ് ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകള്‍ തുറക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത്. ഇന്നലെ കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
2017 ജൂൺ അഞ്ചിന് ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയതിനുശേഷം ആദ്യമായാണ് സൗദിയും ഖത്തറും അനുരഞ്ജനത്തിന്റെ പാതയിലെത്തുന്നത്. നയതന്ത്ര,ഗതാഗത,വ്യാപാര ഉപരോധമാണ് ഖത്തറിനെതിരെ സൗദി സഖ്യരാഷ്ട്രങ്ങൾ ഏർപ്പെടുത്തിയിരുന്നത്.