ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ എട്ട് കോടി അറുപത് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 18,59,598 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി കടന്നു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി പതിമൂന്ന് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3.61 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി ഇരുപത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി. അതേസമയം, ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 1,03,57,569 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 2,28,088 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. 1,49,886 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയൊമ്ബത് ലക്ഷം പിന്നിട്ടു. അതിനിടെ ഇന്ത്യയില്‍ ജനിതകമാറ്റം വന്ന രോഗബാധിതരുടെ എണ്ണം 38 ആയി.
ബ്രസീലിലും കോവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയേഴ് ലക്ഷം കടന്നു. 1,96,591 പേര്‍ മരിച്ചു. അറുപത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി. അതേസമയം, ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിനെ തുടര്‍ന്ന് ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഒന്നര മാസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
നാളെ അര്‍ധരാത്രി മുതല്‍ ഫെബ്രുവരിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോളജുകളും സ്‌കൂളുകളും അടച്ചിടും. വരുന്ന ആഴ്ചകള്‍ കഠിനമാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. പ്രതിപക്ഷം 24 മണിക്കൂറിനകം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
54,990 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 454 പുതിയ മരണങ്ങളും 28 ദിവസങ്ങളില്‍ ഉണ്ടായി. ഇപ്പോള്‍ തന്നെ വളരെ കര്‍ശനമായ നടപടികളാണ് ആരോഗ്യ വകുപ്പ് കോവിഡ് വ്യാപനത്തിന് എതിരെ സ്വീകരിച്ചിരിക്കുന്നത്.