സിഡ്‌നി: രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ഉമേഷ് യാദവിന് പകരക്കാരനായി പേസര്‍ ടി നടരാജന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍. ആസ്‌ട്രേലിയക്കെതിരേ ശേഷിക്കുന്ന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിലാണ് നടരാജനെ ബി.സി.സി.ഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരക്കാരനായി ഷാര്‍ദുല്‍ താക്കൂറിനെയും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നടരാജന്‍ സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി കളിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ കുറച്ചു ദിവസങ്ങളായി പരന്നിരുന്നു. പക്ഷെ ടീമിന്റെ ഭാഗമായിരുന്നില്ല അദ്ദേഹം. എന്നാല്‍ നടരാജനെ ഔദ്യോഗികമായി ഇപ്പോള്‍ ടീമിലെടുത്തതായി അറിയിച്ചിരിക്കുകയാണ് സെലക്ഷന്‍ കമ്മിറ്റി.
ഇന്ത്യയുടെ ഓസീസ് പര്യടനത്തിലാണ് നടരാജന്റെ അരങ്ങേറ്റം. നെറ്റ് ബൗളറായി തുടങ്ങിയ 29 കാരൻ പിന്നീട് ടി 20, ഏകദിന ടീമുകളിൽ ഇടം നേടി. ദേശീയ ജഴ്സിയിൽ നാല് ലിമിറ്റഡ് ഓവർ മത്സരങ്ങളിലായി എട്ട് വിക്കറ്റുകൾ അദ്ദേഹം നേടി. ഏകദിനത്തിൽ രണ്ടും ടി20യിൽ നാലും വിക്കറ്റുകളാണ് നേടിയത്.
കഴിഞ്ഞ ഐപിഎല്ലില്‍ ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി നടത്തിയ ഉജ്ജ്വല ബൗളിങാണ് നടരാജന് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്. ഐപിഎല്ലില്‍ നിരവധി യോര്‍ക്കറുകളെറിഞ്ഞ് നട്ടു എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ കുഴക്കിയിരുന്നു. ഓസീസ് പര്യടനത്തില്‍ ആദ്യം നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ മാത്രമേ പേസര്‍ ഉള്‍പ്പെട്ടിരുന്നുള്ളൂ. എന്നാല്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി പരിക്കു കാരണം ഓസീസ് പര്യടനത്തില്‍ നിന്നും പിന്‍മാറിയതോടെ നടരാജന് ടീമില്‍ സ്ഥാനം ലഭിക്കുകയായിരുന്നു.
അതേസമയം പ്ലെയിങ് ഇലവനിലെത്താന്‍ നടരാജനേക്കാള്‍ മുന്‍തൂക്കം ഷാര്‍ദുലിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാടിനു വേണ്ടി ഒരേയൊരു ഫസ്റ്റ് ക്ലാസ് മത്സരം കളിച്ച അനുഭവമേ നടരാജനുള്ളൂ. മറുവശത്ത് ഷാര്‍ദുല്‍ മുംബൈ ടീമിനായി സ്ഥിരമായി ആഭ്യന്തര മത്സരങ്ങളില്‍ കളിക്കുന്ന താരമാണ്.