ജയ്പൂർ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. രാജസ്ഥാനിലെ സൂർവാളിലാണ് അപകടമുണ്ടായത്. അപകടത്തിൽ അദ്ദേഹത്തിന് പരിക്കേറ്റെങ്കിലും ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
ബുധനാഴ്ച രാവിലെയാണ് കാർ അപകടത്തിൽപ്പെട്ടത്. കുടുംബത്തോടൊപ്പം റന്താംബോറിൽ നിന്നും വരുന്ന വഴി ലാൽസോട്ട്-കോട്ട ദേശീയപാതയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ തലകീഴായി മറിഞ്ഞു. വഴിയരികിൽ ഉണ്ടായിരുന്ന ഒരു തട്ടുകടയിലേയ്ക്ക് വാഹനം ഇടിച്ച് കയറുകയായിരുന്നു.
കാർ അമിത വേഗതയിലായിരുന്നു എന്നും കടയിലുണ്ടായിരുന്ന ഒരാൾക്ക് അപകടത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
1992 മുതൽ 1999 വരെ മൂന്ന് ഐ സി സി ലോകകപ്പുകളിൽ അസറുദ്ദീൻ ഇന്ത്യൻ ടീം നായകൻ ആയിരുന്നു. 1996ൽ ടീമിനെ സെമിഫൈനൽ വരെ നയിക്കാനും താരത്തിന് കഴിഞ്ഞു. 99 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ അസറുദ്ദീൻ പ്രതിനിധീകരിച്ചിട്ടുണ്ട്.