ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി(സിഎഎ) ക്കെതിരായ പ്രക്ഷോഭം നടക്കുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരിയില്‍ ഷഹീന്‍ബാഗ് പ്രദേശത്ത് വെടിവെപ്പ് നടത്തിയ കപില്‍ ഗുര്‍ജര്‍ ബിജെപിയില്‍ ചേര്‍ന്നു. ഗാസിയാബാദിലെ ബിജെപി നേതാക്കളാണ് ഗുര്‍ജര്‍ക്ക് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ ഗുര്‍ജറുടെ അംഗത്വം ബിജെപി റദ്ദാക്കി.
ബുധനാഴ്ച രാവിലെയാണ് ബിജെപി ഗാസിയാബാദ് യൂണിറ്റ് കപില്‍ ഗുജ്ജറിന് അംഗത്വം നല്‍കിയത്. സിഎഎ വിരുദ്ധ സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത് ഗുജ്ജറാണെന്ന കാര്യം അറിയാതെയാണ് അംഗത്വം നല്‍കിയതെന്നാണ് ബിജെപിയുടെ വിശദീകരണം.
ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ബിജെപിയില്‍ ചേരാന്‍ താന്‍ തീരുമാനിച്ചിരുന്നുവെന്ന് ഗുജ്ജര്‍ അംഗത്വം സ്വീകരിച്ചതിന് ശേഷം പറഞ്ഞിരുന്നു.
ഫെബ്രുവരി ഒന്നിനാണ് ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടന്ന സിഎഎ വിരുദ്ധ സമരത്തിന് നേരെയാണ് കപില്‍ ഗുജ്ജര്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് രണ്ട് തവണ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇയാളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
താനും പിതാവ് ഗജേ സിങ്ങും 2019 മുതല്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് പോലീസിന്റെ ചോദ്യംചെയ്യലിനിടെ കപില്‍ ഗുര്‍ജര്‍ പറഞ്ഞിരുന്നു. മുതിര്‍ന്ന എഎപി നേതാക്കളായ സഞ്ജയ് സിങ് അടക്കമുള്ളവര്‍ക്കൊപ്പം ഗുര്‍ജര്‍ നില്‍ക്കുന്ന ഫോട്ടോകള്‍ അയാളുടെ ഫോണില്‍നിന്ന് കണ്ടെടുത്തിരുന്നു. എന്നാല്‍ അയാളുടെ അവകാശവാദം ആം ആദ്മി പാര്‍ട്ടിയും സ്വന്തം കുടുംബാംഗങ്ങളും തള്ളുകയാണ് ഉണ്ടായത്.