ന്യൂഡല്‍ഹി: യു.കെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദെമന്ന് ആരോഗ്യമന്ത്രാലയം. ചൊവ്വാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജനിതക മാറ്റം സംഭവിച്ച വൈറസിനെതിരെ വാക്സിന് ഫലപ്രദമല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം.
ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെ വാക്സിന് ഫലപ്രദമല്ലെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാറിന്‍റെ ശാസ്ത്ര ഉപദേഷ്ടാവ് കെ.വിജയരാഘവന്‍ പറഞ്ഞു. വൈറസിനെതിരായ ആന്‍റിബോഡികള്‍ ഉണ്ടാക്കുകയാണ് വാക്സിനുകള്‍ ചെയ്യുന്നത്. വൈറസിനുണ്ടാവുന്ന ചെറിയ ജനിതകമാറ്റങ്ങള്‍ വാക്സിനുകളുടെ ഫലപ്രാപ്തിയെ ഇല്ലാതാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മിക്ക വാക്സിനുകളും വൈറസുകളില്‍ ജനിതക മാറ്റമുണ്ടാക്കുമെന്നു കണക്കാക്കിയാണ് വികസിപ്പിച്ചെടുക്കുന്നത്. ഈ വൈറസുകള്‍ 70 ശതമാനം വേഗത്തില്‍ വ്യാപിക്കുമെങ്കിലും ആശങ്കാകരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നു തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും വിഷയത്തില്‍ കടുത്ത ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും ആരോഗ്യ മന്ത്രാലയം പറയുന്നു.
ഇന്ത്യയില്‍ വാക്സിന് ഉപയോഗം ജനുവരിയില്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ആസ്ട്ര സെനിക്കയും ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയും സംയുക്തമായി വികസിപ്പിച്ച വാക്സിനാകും ഇന്ത്യയില്‍ ആദ്യം എത്തുക എന്നാണ് സൂചന. യു.എസ് കമ്ബനിയായ ഫൈസറും അവരുടെ വാക്സിന്റെ അനുമതിക്കായി കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്.
ബ്രിട്ടണില്‍ നിന്നെത്തിയ ആറ് പേര്‍ക്ക് അതിവേഗം വ്യാപിക്കുന്ന വൈറസ് ബാധയേറ്റതായി കണ്ടെത്തിയിരുന്നു. രാജ്യത്ത് ആദ്യമായാണ് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.