കറാച്ചി: ഐസിസിയുടെ പതിറ്റാണ്ടിലെ മികച്ച ടി20 ടീം തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് മുന്‍ പാകിസ്ഥാന്‍ താരം ഷുഹൈബ് അക്തര്‍. ടി20 ടീമില്‍ ഒരു പാകിസ്ഥാന്‍ താരം പോലും ഉള്‍പ്പെടാത്തതാണ് അക്തറിനെ ചൊടിപ്പിച്ചത്. പണവും ടിവി റൈറ്റ്‌സും ഒക്കെയാണ് ഐസിസിയുടെ മുഖ്യ പരിഗണനയിലുള്ള വിഷയങ്ങള്‍. ഐസിസിയിലെ അംഗമാണ് പാകിസ്ഥാനും എന്ന കാര്യം അവര്‍ മറന്നു പോയി എന്നാണ് ഞാന്‍ കരുതുന്നത് – അക്തർ പറഞ്ഞു.
ടി20യിലെ നിലവിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ പാക് താരമായ ബാബര്‍ അസമാണ്. എന്നാല്‍ അസമിന് നൂറ്റാണ്ടിന്റെ ടി20 ടീമില്‍ ഇടമില്ല – അക്തര്‍ തുറന്നടിച്ചു. ഈ ടി20 ടീമില്‍ എന്തുകൊണ്ടാണ് ഒരു പാകിസ്ഥാന്‍ താരം പോലും ഇല്ലാതെ പോയത്. ഞങ്ങള്‍ക്ക് നിങ്ങളുടെ നൂറ്റാണ്ടിന്റെ ടീമിന്റെ ആവശ്യമൊന്നുമില്ല. കാരണം നിങ്ങള്‍ തെരഞ്ഞെടുത്തത് ഐപിഎല്‍ ടീമിനെയാണ്’- അക്തര്‍ പരിഹസിച്ചു.
കഴിഞ്ഞ ദിവസമാണ് ഐസിസി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുള്ള ടെസ്റ്റ്, ഏകദിന, ടി20 ടീമുകളെ തിരഞ്ഞെടുത്തത്. ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയാണ് ഏകദിന, ടി20 ടീമുകളുടെ നായകന്‍. മൂന്ന് ടീമിലും ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെട്ടിട്ടുണ്ട്. പതിറ്റാണ്ടിലെ ഐസിസി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനും കോഹ്‌ലി തന്നെയാണ്.
ധോനിക്കും കോഹ്‌ലിക്കും പുറമെ രോഹിത് ശര്‍മ, ജസ്പ്രിത് ബുമ്‌റ എന്നീ ഇന്ത്യന്‍ താരങ്ങളും ടി20 ടീമിലുണ്ട്. ഐസിസിയുടെ പതിറ്റാണ്ടിലെ ടി20 ടീം- മഹേന്ദ്ര സിങ് ധോനി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, ക്രിസ് ഗെയ്ല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോഹ്‌ലി, എബി ഡിവില്ല്യേഴ്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, റാഷിദ് ഖാന്‍, ജസ്പ്രിത് ബുമ്‌റ, ലസിത് മലിംഗ.