ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ആവേശകരമായ മത്സരത്തില്‍ കരുത്തരായ ഹൈദരാബാദ് എഫ്.സിയെയാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം.
ആദ്യപകുതിയില്‍ മലയാളി താരം അബ്ദുള്‍ ഹക്കുവും രണ്ടാം പകുതിയില്‍ ജോര്‍ദാന്‍ മുറെയും ബ്ലാസ്‌റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തു. ബ്ലാസ്റ്റേഴ്‌സിന്റെ ജിക്‌സണ്‍ സിങ് ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
മത്സരം ആരംഭിച്ചപ്പോള്‍ ഇരുടീമുകളും ഒരുപോലെയാണ് കളിച്ചുതുടങ്ങിയത്. ആക്രമിച്ച് കളിക്കാനാണ് ഹൈദരാബാദും ബ്ലാസ്‌റ്റേഴ്‌സും ശ്രമിച്ചത്. പത്താം മിനിട്ടില്‍ മലയാളി താരം സഹലിന് മികച്ച അവസരം ബോക്‌സിനകത്തുലഭിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി അത് ഗോളാക്കി മാറ്റാന്‍ താരത്തിന് കഴിഞ്ഞില്ല.
കളിയിൽ പൂർണനിയന്ത്രണം നേടിയ ബ്ലാസ്‌റ്റേഴ്‌സ് മനോഹര പ്രകടനമാണ് ഹൈദരാബാദിനെതിരെ പുറത്തെടുത്തത്. ഹൈദരാബാദ് ഗോൾ കീപ്പർ സുബ്രത പോളിന്റെ സേവുകളാണ് കൂടുതൽ ഗോൾ നേടുന്നതിൽനിന്ന് ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സിന് ഏഴ് കളിയിൽ നിന്ന് ആറ് പോയിന്റായി. ജനുവരി രണ്ടിന് മുംബൈ സിറ്റി എഫ്‌സിയുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.