ന്യൂഡല്‍ഹി: മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസിലെ അന്വേഷണത്തിൽ സുപ്രീംകോടതിക്ക് അതൃപ്തി. അന്വേഷണത്തിൻ്റെ മെല്ലപ്പോക്കിനെതിരെയാണ് സുപ്രീം കോടതി സംസ്ഥാന സർക്കാരിനെ അതൃപ്തിയറിയിച്ചത്.
ജേക്കബ് തോമസിനെതിരേ നടക്കുന്ന അന്വേഷണത്തെ സംബന്ധിച്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. മുദ്രവച്ച കവറിലാണ് അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് കൈമാറിയത്. മുദ്രവച്ച കവറില്‍ കൈമാറിയ ഈ റിപ്പോര്‍ട്ട് തുറന്ന് പരിശോധിച്ച ശേഷമാണ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിനെ സുപ്രീം കോടതി വിമര്‍ശിച്ചത്.
കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണെമെന്ന സര്‍ക്കാരിന്റെ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യം നിരവധി തവണ തങ്ങള്‍ അംഗീകരിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ നിര്‍ണ്ണായകമായ ഒരു രേഖ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സർക്കാർ ഇന്നും സുപ്രീം കോടതിയെ അറിയിച്ചു.
കാണാതായ രേഖ കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി ഏപ്രില്‍ 18നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഏപ്രില്‍ 19ന് സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കും
ഡ്രഡ്ജര്‍ ഇടപാടുമായി ബന്ധപ്പെട്ട ഒരു രേഖ വ്യാജമായി ചമച്ചതാണെന്ന ആരോപണമുണ്ടെന്ന് കേരളം മുമ്പും സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ആരോപണത്തിന് പിന്നിലുള്ള വസ്തുതകൾ ഉറപ്പിക്കാൻ ആ രേഖ കണ്ടത്തേണ്ടതുണ്ട്. ധനകാര്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍പോലും രേഖ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു സര്‍ക്കാര്‍ മുമ്പ് കോടതിയിൽ നൽകിയ വിശദീകരണം.