ന്യൂഡൽഹി: കർഷകരുടെ വിളകൾക്ക് ലഭിക്കേണ്ട അടിസ്ഥാന താങ്ങുവില ആരെങ്കിലും എടുത്തുകളയാൻ ശ്രമിച്ചാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ബിജെപി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടാർ. ഹരിയാനയിലെ നർനോളിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക സമരം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
‘അടിസ്ഥാന താങ്ങുവില അവിടെയുണ്ടാകും. ആരെങ്കിലും അവ കളയാൻ ശ്രമിച്ചാൽ മനോഹർ ലാൽ ഖട്ടാർ രാഷ്ട്രീയം അവസാനിപ്പിക്കും. അടിസ്ഥാന താങ്ങുവില ആരും അവസാനിപ്പിക്കാൻ പോകുന്നില്ല. താങ്ങുവില നേരത്തേ അവിടെയുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ഭാവിയിലും ഇവിടെതന്നെയുണ്ടാകും’ -ഖട്ടാർ പറഞ്ഞു.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി ഖട്ടാർ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കർഷക പ്രതിഷേധം അവസനിപ്പിക്കാനുള്ള പ്രധാനമാർഗം ചർച്ചയാണ്. ഈ പ്രശ്നം ഉടൻ പരിഹരിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഖട്ടാർ പറഞ്ഞിരുന്നു.