ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷക സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്‍ച പരിഗണിക്കും. പുതിയ നിയമം തങ്ങളെ കമ്പോള ശക്തികള്‍ക്ക് കീഴിലാക്കുമെന്നും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ തന്നെ അപകടത്തിലാക്കുന്നതാണ് ഈ നീക്കവുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, ഡല്‍ഹിയിലേക്കുള്ള അവശേഷിക്കുന്ന പാതകൾ കൂടി അടച്ച് കര്‍ഷക പ്രക്ഷോഭം രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ജയ്പ്പൂര്‍ ദേശീയപാതയും ആഗ്ര എക്സ്പ്രസ് പാതയും ഉപരോധിക്കാനുള്ള കര്‍ഷകരുടെ മാര്‍ച്ച് തുടങ്ങി. ഹരിയാനയിലും പഞ്ചാബിലും പശ്ചിമബംഗാളിലും കര്‍ഷകര്‍ ദേശീയപാതകളിലെ ടോൾപിരിവ് തടഞ്ഞു.
തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം നടത്തുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. ഡല്‍ഹി അതിര്‍ത്തിയിലെ സമരവേദിയിലാണ് കര്‍ഷകര്‍ നിരാഹാരമിരിക്കുക. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരും ഇതില്‍ പങ്കു ചേരുമെന്നും പ്രക്ഷോഭത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഇനിയുള്ള സമരങ്ങളില്‍ അണിനിരക്കും,
ഹരിയാന-രാജസ്ഥാൻ- ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള കര്‍ഷകര്‍ ജയ്പ്പൂര്‍ ദേശീയ പാതയിലേക്കും ആഗ്ര ഏക്സ്പ്രസ് വേയിലേക്കും നീങ്ങി തുടങ്ങി. ദേശീയപാതകൾക്കരുകിൽ ഇന്ന് തങ്ങുന്ന കര്‍ഷകര്‍ നാളെ രാവിലെ മുതൽ ഡല്‍ഹി ലക്ഷ്യം വെച്ച് നീങ്ങും. പഞ്ചാബിൽ നിന്നുള്ള കര്‍ഷകരെ പോലെ സമരസജ്ജീകരണങ്ങളുമായിട്ടാണ് ഇവരും എത്തുന്നത്.
ജയ്പൂര്‍ ദേശീയപാത കടന്നുപോകുന്ന ഹരിയാനയിലെ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികൾക്ക്പുറമെ ജയ്പൂര്‍-ആഗ്ര റോഡുകൾ കൂടി തടഞ്ഞാൽ റോഡ് മാര്‍ഗ്ഗം ഡല്‍ഹിയിലേക്കുള്ള ചരക്കുനീക്കം പൂര്‍ണമായും നിലക്കും.