സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരന്പര സ്വന്തമാക്കി ഇന്ത്യ. സിഡ്നിയില്‍ ആറ് വിക്കറ്റിന് ഓസ്ട്രേലിയയെ കീഴടക്കിയാണ് ഇന്ത്യ പരന്പര സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ശേഷിക്കെ ഇന്ത്യ മറികടന്നു. ശിഖര്‍ ധവാന്റെ അര്‍ധ സെഞ്ചുറിയും ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടുമാണ് ഇന്ത്യയുടെ വിജയത്തിനു വഴിയൊരുക്കിയത്.
വലിയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ കെ.എല്‍. രാഹുലും ശിഖര്‍ ധവാനും ഒരുക്കിയത്. 22 പന്തില്‍ 30 റണ്‍സെടുത്ത രാഹുലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.
പിന്നീട് ക്രീസിലെത്തിയ നായകന് വിരാട് കോഹ്ലി ധവാനോപ്പം ചേര്‍ന്ന് ഇന്ത്യയുടെ റണ്‍സ് ഉയര്‍ത്തി. 36 പന്തില്‍ 52 റണ്‍സെടുത്ത ധവാനെയാണ് പിന്നീട് ഇന്ത്യയ്ക്ക് നഷ്ടമായത്. കോഹ്ലി 24 പന്തില്‍ 40 റണ്‍സും നേടി. നിരാശജനകമായിരുന്നു സഞ്ജുവിന്റെ (10 പന്തില്‍ 15) ഇന്നത്തെ പ്രകടനം.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പാണ്ഡ്യയാണ് കളിയുടെ ഗതി മാറ്റിയത്. പാണ്ഡ്യ 22 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 42 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടിയത്.
ഓപ്പണര്‍ മാത്യു വേഡ് (32 പന്തില്‍ 58), സ്റ്റീവന്‍ സ്മിത്ത് (38 പന്തില്‍ 46) എന്നിവരുടെ പ്രകടനമാണ് ഓസ്ട്രേലിയയ്ക്കു മികച്ച സ്കോര്‍ സമ്മാനിച്ചത്. ഗ്ലെന്‍ മാക്സ്വെല് (13 പന്തില്‍ 22), മോയിസ് ഹെന്റിക്വസ് (18 പന്തില്‍ 26), മാര്‍കസ് സ്റ്റോയിനസ് (ഏഴു ബോളില്‍ 16) എന്നിവരും ഓസ്ട്രേലിയയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു.
കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ടി. നടരാജന് ഈ മത്സരത്തിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങിയ നടരാജന് രണ്ടു വിക്കറ്റ് വീഴ്ത്തി.
അതേസമയം യൂസ്വേന്ദ്ര ചാഹല്‍ ഈ മത്സരത്തില്‍ നിരാശപ്പെടുത്തി. ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറില്‍ 51 റണ്‍സാണ് ചാഹല്‍ വഴങ്ങിയത്.