പനാജി: ഐഎസ്എലില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി മുംബൈ. ഇതോടെ മൂന്ന് മത്സരങ്ങളില്‍ ആറു പോയിന്റുമായി മുംബൈ മുന്നിലെത്തി.
മുംബൈയ്ക്ക് വേണ്ടി ഇംഗ്ലീഷ് താരം ആദം ലേ ഫോണ്‍ഡ്രേ ഇരട്ട ഗോള്‍ നേടി. 20, 48 (പെനല്‍റ്റി) മിനിറ്റുകളിലായിരുന്നു ആദമിന്റെ ഗോള്‍. ഹെര്‍നാന്‍ സന്റാനയുടെ (58-ാം മിനിറ്റ്) വകയായിരുന്നു മൂന്നാം ഗോള്‍.
ഗോളടിച്ചില്ലെങ്കിലും ഹ്യൂഗോ ബൗമസാണ് കളി നിയന്ത്രിച്ചത്. പ്ലേ മേക്കറുടെ റോളില്‍ ബൗമസ് നിറഞ്ഞു കളിച്ചതോടെ ഈസ്റ്റ് ബംഗാളിന് പിടിച്ചുനില്‍ക്കാനായില്ല. ഇന്നത്തെ പ്രകടനത്തിലൂടെ ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് ചെയ്ത താരം എന്ന റെക്കോഡ് താരം സ്വന്തമാക്കി. ഹ്യൂഗോ ബൗമസ് തന്നെയാണ് ഇന്നത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയത്.
60 ശതമാനം പന്തടക്കത്തോടെ കളം നിറഞ്ഞ മുംബൈ സിറ്റിക്കു മുന്നില്‍ ഈസ്റ്റ് ബംഗാളിനു മറുപടിയില്ലായിരുന്നു. മത്സരം തുടങ്ങി ഉടന്‍ തന്നെ ഈസ്റ്റ് ബംഗാള്‍ നായകന് ഡാനിയല്‍ ഫോക്സ് പരിക്കേറ്റ് പുറത്തായത് ടീമിനു തിരിച്ചടിയായി.
ഈ സീസണില്‍ ഇതുവരെ ഗോള്‍ നേടാത്ത ടീം എന്ന റെക്കോഡും ഈസ്റ്റ് ബംഗാളിന് ലഭിച്ചു.