ചെന്നൈയിൻ എഫ്.സിയോട് ഗോൾരഹിത സമനില വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾകീപ്പർമാരുടെയും പ്രതിരോധ നിരയുടെയും മികച്ച പ്രകടനം കളി ഗോൾരഹിത സമനിലയാക്കുകയായിരുന്നു. ഇതോടെ 3 മത്സരങ്ങളിൽ നിന്ന് രണ്ട് സമനിലയും ഒരു തോൽവിയുമടക്കം 2 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഏഴാമത് എത്തി. ചെന്നൈയിൻ എഫ്സി ഒരു ജയവും ഒരു സമനിലയുമടക്കം 4 പോയിൻ്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി.
പെനാല്‍ട്ടി സേവ് ചെയ്ത് ബ്ലാസ്റ്റേഴ്‌സിന്റെ താരമായി മാറിയ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
മലയാളി താരങ്ങളില്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളി ആരംഭിച്ചത്. ആദ്യ മിനിട്ടുകളില്‍ തന്നെ ചെന്നൈ ആക്രമണം അഴിച്ചുവിട്ടു. ചാങ്‌തെയും ഥാപ്പയും ഇസ്മയുമെല്ലാം മികച്ച കളി പുറത്തെടുത്തതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം വിയര്‍ത്തു.
17-ാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് വലിയൊരു പിഴവ് നടത്തിയെങ്കിലും സെന്റര്‍ബാക്ക് ബക്കാരി കോനെ അത്ഭുതകരമായി അതില്‍ നിന്നും ടീമിനെ രക്ഷിച്ചു.
പരിഭ്രമത്തിൻ്റെ ആദ്യ 25 മിനിട്ടുകൾക്ക് ശേഷം ബ്ലാസ്റ്റേഴ്സ് തിരിച്ചടിക്കാൻ തുടങ്ങി. വലതു വിങ്ങിലൂടെ മെനഞ്ഞെടുത്ത ആക്രമണങ്ങൾ ചെന്നൈയിൻ ബോക്സിൽ പരിഭ്രാന്ത്രി സൃഷ്ടിച്ചു. ചില ഷോട്ടുകൾ വിശാൽ കീത്തിനെ പരീക്ഷിച്ചു എങ്കിലും ചെന്നൈയിൻ ഗോൾകീപ്പറുടെ ഉറച്ച കൈകൾ ഗോൾ തടഞ്ഞു.
രണ്ടാം പകുതിയിലും ഇരു ടീമുകളും ചില മികച്ച മുന്നേറ്റങ്ങൾ നടത്തി. എന്നാൽ, ഫൈനൽ തേർഡിലെ മോശം പ്രകടനങ്ങളും ഇരു ടീമുകളുടെയും പ്രതിരോധ നിരയുടെ ഗംഭീര പ്രകടനവും കളി സമനിലയാക്കുകയായിരുന്നു. 76ആം മിനിട്ടിൽ ചെന്നൈയിനു ലഭിച്ച പെനാൽറ്റി തട്ടിയകറ്റിയ ആൽബീനോ ഗോമസ് ബ്ലാസ്റ്റേഴ്സിൻ്റെ സമനിലയിൽ നിർണായക പങ്കുവഹിച്ചു. ആ ഒരു അവസരം മാറ്റിനിർത്തിയാൽ മറ്റ് ഓപ്പൺ ചാൻസുകൾ രണ്ടാം പകുതിയിൽ പിറന്നില്ല. അർധാവസരങ്ങൾ മുതലെടുക്കാൻ ഇരു ടീമിനും കഴിഞ്ഞതുമില്ല.