ഇന്ത്യയിൽ കോവിഡ് രോഗബാധ വർദ്ധിച്ച് വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.രാജ്യത്തെ കോവിഡ് സ്ഥിതി മോശത്തിൽ നിന്ന് കൂടുതൽ മോശമാകുന്നുവെന്നും കടുത്ത നടപടികൾ വേണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
വാക്‌സിനുകൾ തയ്യാറാക്കുന്നതു വരെ പ്രതിരോധ നടപടികളിൽ വീഴ്ച പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ ഇറക്കുന്ന മാർഗരേഖ നടപ്പിലാക്കുന്നതിൽ സംസ്ഥാനങ്ങൾ വീഴ്ച വരുത്തുന്നെന്ന് കോടതി നിരീക്ഷിച്ചു.
രാഷ്ട്രീയം മറന്ന് സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്ന 80 ശതമാനം പേരും മാസ്‌കുകൾ ധരിക്കുന്നില്ലെന്നും ചിലർ താടിയിലാണ് മാസ്‌കുകൾ ധരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നവരിൽ എഴുപത് ശതമാനവും കേരളം ഉൾപ്പെടെ പത്തു സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി.

















