2008 മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രം അണിയറയിൽ. ‘മേജർ’ എന്നാണ് ചിത്രത്തിന്റെ പേര്.ചിത്രത്തിൽ ആദ്വി ശേഷാണ് സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത് എന്നാണ് സൂചന.ശോഭിത ധൂളിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണ് ചിത്രത്തിന്റെ മറ്റു കഥാപാത്രങ്ങൾ.
തെലുഗ് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റർടെയ്ൻമെന്റുസും സോണി പിക്ചേഴ്സ് ഇന്റർനാഷനൽ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ശശികിരൺ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്.
‘മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ നവംബർ 27 ന് രക്തസാക്ഷിത്വം വരിച്ചു, അതിനാൽ അദ്ദേഹത്തിന്റെ ജീവിതം ആഘോഷിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ഞങ്ങൾ ഈ ചിത്രം പുറത്തിറക്കുന്നത്. ഈ സിനിമ സംസാരിക്കുന്നത് അദ്ദേഹം ജീവിച്ച രീതിയെക്കുറിച്ചാണ്, അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചല്ല’ എന്നും ആദിവി പറഞ്ഞു.
നവംബർ 27നായിരുന്നു മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ രക്ഷാപ്രവർത്തനത്തിനിടെ മുംബൈയിൽ കൊല്ലപ്പെട്ടത്. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോയാണ് അദ്ദേഹം. പരുക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരാണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്വദേശം. പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. ചിത്രം 2021ൽ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ ലോകവ്യാപകമായി റിലീസ് ചെയ്യാനാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് .