ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകർപ്പൻ ജയം.115 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 12.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. തോൽവിയോടെ ചെന്നൈയുടെ പ്ലേയ് ഓഫ് സാധ്യതകൾ മങ്ങി
മുംബൈക്കായി 68 റണ്‍സ് നേടി പുറത്താവാതെ നിന്ന ഇഷാന്‍ കിഷനാണ് ടോപ്പ് സ്കോറര്‍. ഡികോക്ക് 42 റണ്‍സ് നേടി പുറത്താവാതെ നിന്നു. കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ അനായാസമാണ് സ്കോര്‍ ചെയ്തത്. രോഹിതിന്റെ അഭാവത്തില്‍ ഓപ്പണിംഗില്‍ അവസരം ലഭിച്ച കിഷന്‍ അവസരം മുതലാക്കി. സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരുപോലെ പ്രഹരിച്ച കിഷന്‍ 29 പന്തുകളില്‍ ഫിഫ്റ്റി തികച്ചു.
തകര്‍ത്തടിയ്ക്കുന്ന യുവതാരത്തിന് ഡികോക്ക് ഉറച്ച പിന്തുണ നല്‍കിയതോടെ മുംബൈ അനായാസം ജയം കുറിയ്ക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ ഉയര്‍ത്തിയ 116 റണ്‍സിന്റെ കൂട്ടുകെട്ട് കഴിഞ്ഞ മൂന്ന് സീസണുകളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ്.