ഇറാൻ ആഹ്ലാദത്തിലാണ്

2020 ഒക്ടോബർ 18. ഇറാന് ആഹ്ലാദത്തിൻ്റെ ദിനം. 13 വർഷം നീണ്ടുനിന്ന ഉപരോധത്തിന് അറുതിയായിയെന്നതാണ് ഇറാൻ ആഹ്ലാദത്തിന് ആധാരം.

2015 ജൂലായ് 14. ഇറാനും ലോകശക്തികളും തമ്മിലുള്ള സുപ്രധാന ആണവ കരാർ ജോയിന്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ജെസിപിഒഎ) പ്രമേയം (നമ്പർ:2231) ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൽ) പാസ്സാക്കപ്പെട്ടു.കരാർ വ്യവസ്ഥ പ്രകാരം ഇറാനെതിരെ 13 വർഷ ഉപരോധം ഒക്ടോബർ 18 ന് കാലഹരണപ്പെട്ടു.

യുഎൻ സുരക്ഷാ കൗൺസിലിൽ ഇറാനെതിരെ ഉപരോധം നീട്ടണമെന്ന ട്രമ്പ്ഭരണകൂട ശ്രമം പരാജയപ്പെട്ടതാണ് ഉപരോധം കാലഹരണപ്പെടുന്നതിന് സാഹചര്യമൊരുങ്ങിയത്. ഇനി മുതൽ ആരുടെയും നിയന്ത്രണങ്ങളില്ലാതെ ഇസ്ലാമിക് റിപ്പബ്ലിക് ഇറാന് ആയുധങ്ങൾ വിൽക്കാം. വാങ്ങാം. ഇറക്കുമതിയാകാം. കയറ്റുമതിയാകാം – രാജ്യാന്തര വിപണിയിൽ ഭാഗധേയത്വം.സാങ്കേതിക വിദ്യ വാങ്ങാം. നൽകാം. കൈമാറ്റം ചെയ്യാം. നിക്ഷേപം സ്വീകരിയ്ക്കാം. രാജ്യാന്തര സഹായങ്ങളും.

ആദ്യ ഉപരോധം

1950കളിലാണ് ഇറാൻ ആണവ പദ്ധതികൾക്ക് തുടക്കം. അമേരിക്കൻ പിന്തുണയോടെയായിരുന്നു തുടക്കം. 1941 അധികാരത്തിലേറിയ ഇറാൻ രാജാവ് മുഹമ്മദ് റിസ ഷാ അമേരിക്കയുടെ ഉത്തമ ചങ്ങാതിയായിരുന്നു. ഈ ചങ്ങാത്ത പിൻബലത്തിലാണ് ഇറാൻ ആണവ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും അമേരിക്ക ഉത്സാഹം കാണിച്ചത്. 1970 ൽ ആണവ നിർവ്യാപന കരാറിൽ ഒപ്പുവച്ച രാഷ്ട്രമാണ് ഇറാൻ. തങ്ങളുടെ കൂട്ടാളിയായ ഷായെകൊണ്ട് ആണവ നിർവ്യാപന കരാറിൽ ഒപ്പുവപ്പിയ്ക്കാൻ അന്ന് അമേരിക്കയ്ക്ക് എളുപ്പത്തിൽ സാധ്യമായെന്നു പറയുന്നതായിരിക്കും കൂടുതൽ ശരി.

1979 ഫെബ്രുവരി 11ന് മുഹമ്മദ് റിസ ഷാ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. മത പൗരോഹിത്യ നേതൃത്വത്തിൽ അരങ്ങേറിയ ഇസ്ലാമിക വിപ്ലവം ഷാ ഭരണകൂടത്തെ തൂത്തെറിഞ്ഞു. ഇറാൻ ഇസ്ലാമിക്ക് റിപ്പബ്ലിക്ക് ഓഫ് ഇറാനായി. ഓന്നാന്തരം യാഥാസ്ഥിതിക ഇസ്ലാമിക പൗരോഹിത്യ ഭരണം.

യുഎസിൻ്റ പാവ ഭരണാധികാരി ഷാ പിന്തുടർന്ന പാശ്ചാത്യ ജീവിതക്രമത്തിനു അന്ത്യം. പകരം യാഥാസ്ഥിതിക ഇസ്ലാമിക മതപൗരോഹിത്യ കല്പനകൾക്കനുസൃതമായ ഇറാൻ ഇസ്ലാമിക്ക് റിപ്പബ്ലിക്ക്. ഇനി ഇറാനിൽ തങ്ങളുടെ താല്പര്യങ്ങൾ വിലപോകില്ലെന്നു മനസ്സിലാക്കി അമേരിക്ക.

യുഎസിന് ഇറാൻ ശത്രുപക്ഷത്തായി. അതോടെ ഇറാൻ്റെ ആണവ പദ്ധതി ലോകത്തിന് ഭിഷണിയെന്ന പ്രചരണത്തിൽ അമേരിക്ക വ്യാപരിക്കുകയായിരുന്നു. ഇറാൻ്റെ ആണവ പദ്ധതിയെ ഇറാനെതിരെയുള്ള ആയുധമാക്കുന്ന അമേരിക്കൻ നയതന്ത്രം വൈറ്റ് ഹൗസിൽ ആവിഷ്കരിക്കപ്പെട്ടുകൊണ്ടേയിരുന്നു. തങ്ങളുടെ ഇഷ്ടക്കാരൻ ഭരണാധികാരിയെ പടിയടച്ച് പിണ്ഡംവച്ചതോടെയാണ് ഇസ്ലാമിക വിപ്ലവ ഇറാനെ പാഠം പഠിപ്പിയ്ക്കാൻ ഉപരോധങ്ങളുടെ മാലപ്പടക്കങ്ങൾക്ക് അമേരിക്ക തിരികൊളുത്തിയത്.

1979 മുതൽ തന്നെ ഇറാൻ ഉപരോധത്തിൻ്റെ ഇരകളാണ് ഇറാനെതിരെ അമേരിക്കയുടെ ആദ്യ ഉപരോധ ഉത്തര (എക്സിക്യൂട്ടീവ് ഓർഡർ 12170) വിൽ ഒപ്പുവച്ചത്. 1979 നവംബറിൽ പ്രസിഡന്റ് കാർട്ടർ ടെഹ്‌റാനിലെ അമേരിക്കൻ എംബസി ജീവനക്കാരെ തീവ്രവാദികളായ ഒരു സംഘം ബന്ദിയാക്കി. ഇസ്ലാമിക ഇറാനിലെ ഷാക്ക് അമേരിക്ക അഭയം നൽകിയിൽ പ്രതിഷേധിച്ചായിരുന്നുഎംബസി ജീവനക്കാർ ബന്ദികളാക്കപ്പെട്ടത്. ബന്ദി പ്രശ്ന പശ്ചാത്തലത്തിലാണ് കാർട്ടറുടെ ഉപരോധ ഉത്തരവ്.

ബാങ്ക് നിക്ഷേപം, സ്വർണം, വസ്തുവകകൾ എന്നിവയുൾപ്പെടെ ഇറാനിയൻ ആസ്തികളിൽ ഏകദേശം 8.1 ബില്യൺ ഡോളർ ഉപരോധത്തിൽ കുടുങ്ങി. ആണവ നിർവ്യാപന കരാറിൽ ഒപ്പുവച്ച ഇറാൻ നിയന്ത്രണങ്ങളേതുമില്ലാതെ കരാർ ലംഘിച്ച് രഹസ്യമായ ആണവായുധ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നുവെന്ന ആരോപണത്തിൽ ഇറാനെ അമേരിക്ക കുടുക്കിയിട്ടു. ആണവായുധത്തിൻ്റെ പടിവാതിലിലെത്തിനിൽക്കുന്ന ഇറാനെന്ന വ്യാപക പ്രചരണം.

യുഎസ് ഫോറിൻ അസറ്റ് കൺട്രോൾ ഓഫിസിൻ്റെ ചുമതലയിലായിരുന്നു ഇറാനെതിരെയുള്ള ഉപരോധങ്ങൾ. വ്യാപാര – സാമ്പത്തിക – ശാസ്ത്ര – പട്ടാള ഉപരോധം. ഇറാൻ്റെ വ്യോമയാന മേഖലയെയും ഉപരോധത്തിൽ കുടുക്കി. ടെഹ്‌റാനിലെ ബന്ദികളുടെ മോചനം സാധ്യമാക്കപ്പെട്ട അൽജിയേഴ്സ് ഉടമ്പടി പ്രകാരം 1981 ജനുവരിയിൽ ഉപരോധങ്ങൾ പിൻവലിക്കപ്പെട്ടു.


രണ്ടാം ഉപരോധം

ആണവസമ്പുഷ്ഠികരണ പുനരുല്പാദന പ്രവർത്തനങ്ങളിൽ വ്യാപരിക്കുന്നുവെന്നതാണ് ഇറാനെതിരെ രണ്ടാം ഉപരോധം ക്ഷണിച്ചുവരുത്തിയത്. താൽകാലികമായി ആണവ പദ്ധതികൾ മരവിപ്പിക്കണമെന്ന യുഎൻ സുരക്ഷാ സമിതി ആവശ്യം ഇറാൻ നിരസിച്ചു. ഇതാണ് ഇറാനെതിരെയുള്ള രണ്ടാം ഉപരോധത്തിന് ഹേതുവായി. രാജ്യാന്തര ആണവോർജ്ജ ഏജൻസിയുടെ പരിശോധനയിൽ ഇറാൻ ആണവബോംബ് നിർമിക്കാൻ ശ്രമിക്കുന്നതായി കണ്ടെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയിൽ പ്രസ്തുത റിപ്പോർട്ട് കൈമാറിയോടെയാണ് 13 വർഷം മുമ്പ് ഇറാനെതിരായി വിവിധ രണ്ടാം ഉപരോധ നടപടികൾക്ക് തുടക്കമായത്.

ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയം – 1747 2007 മാർച്ച് 24 ന് പാസാക്കി. അമേരിക്ക, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, ചൈന എന്നീ സുരക്ഷാസമിതി സ്ഥിരാംഗങ്ങളും ജർമ്മിനി (പി5 +1) യുമാണ് പ്രമേയത്തിന് മുൻകൈയെടുത്തത്.

യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം സാമ്പത്തിക – ആയുധ ഉപരോധത്തിനും ഇറാനിയൻ സ്വത്തുക്കൾ മരവിപ്പിക്കുന്നതിനും വഴിയൊരുക്കി. രാജ്യാന്തര സമൂഹത്തിൽ നിന്ന് ഒരു മാതിരി ഭ്രഷ്ട്! ഇതിൻ്റെ പരിണിതിയായി മനുഷ്യകാരുണ്യ സഹായങ്ങൾക്ക് പോലും വിലക്ക്. ജീവരക്ഷ ഔഷധങ്ങളുടെ ഇറക്കുമതിയെ ബാധിച്ചു. ഉപരോധം ഇറാനെ നട്ടംതിരിച്ചു. ഉപരോധത്തിൽ തലയൂരേണ്ടത് അനിവാര്യമെന്ന് കൃത്യമായ ബോധ്യപ്പെടൽ. ഇറാൻ ഗതികെട്ട് ആണവ കരാരാറിന് നിർബ്ബന്ധിക്കപ്പെട്ടു.

പി5 +1

2015 – മാസത്തിൽ യുഎസ് പ്രസിഡൻ്റ് ഒബാമയുടെ മുൻകയ്യിലാണ് ഇറാൻ ആണവ പദ്ധതിയിൽ നിന്ന് പിന്മാറുമെന്നതു സംബന്ധിച്ച് ബഹുകക്ഷി കരാർ ഒപ്പുവയ്ക്കപ്പെടുന്നത്.

പി5 +1 എന്ന പേരിൽ ആറ് പ്രധാന ആഗോള ശക്തികളാണ് ഇറാനുമായുള്ള ആണവ ചർച്ചയിൽ പങ്കെടുത്തത്. അമേരിക്ക, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, ചൈന എന്നീ യുഎൻ സ്ഥിരാംഗങ്ങളും ജർമ്മനിയുമാണ് കരാറിലെ കക്ഷികൾ. ജോയിന്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ജെസിപിഒഎ) ആണവക്കരാർ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ പ്രമേയ (നമ്പർ 2231) മായി അവതരിപ്പിക്കപ്പെട്ടു. സുരക്ഷാ കൗൺസിലിലെ 15 അംഗങ്ങൾ ഐകകണ്ഠ്യേന പിന്തുണയ്ക്കുകയും ചെയ്തു. കരാർ 2015 ജൂലായിൽ നിലവിൽ വന്നു.

ടെഹ്‌റാന്റെ ആണവ പദ്ധതികൾക്ക് കീറാമുട്ടിയായിരുന്ന നിരവധി പ്രശ്നങ്ങൾക്ക് ജെസിപിഒഎ കരാർ പരിഹാരം കണ്ടെത്തി. രണ്ടു വർഷത്തോളം നീണ്ട ആഴമേറിയ ചർച്ചകൾക്കു ശേഷം നിലവിൽ വന്ന ജെസിപിഒഎ ആണവക്കരാർ ‌ ഇറാന്റെ ആണവപരിപാടികൾ ആണവായുധ നിർമാണത്തിലേക്ക് കടക്കുകയില്ലെന്ന് ലോകത്തിന് ഉറപ്പു നൽകി.കരാർ പ്രകാരം അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ തുടർച്ചയായ വിശദമായ നിരീക്ഷണങ്ങൾക്ക് വിധേയമാകാമെന്നും ഇറാൻ സമ്മതിച്ചു. പകരം 2016 ജനുവരിയിൽ ആണവ സംബന്ധിയായ ഉപരോധങ്ങൾ ദീർഘകാലമായി ചുമത്തപ്പെട്ടിരുന്ന ഉപരോധങ്ങൾ നീക്കം ചെയ്തു. 2007 മുതലുള്ള ഉപരോധം 2020 ഒക്‌ടോബർ 18 ന് അവസാനിക്കുമെന്ന വ്യവസ്ഥയും കരാരിലിടം പിടിച്ചു.


ട്രമ്പ് ഭരണകൂടവും ഇറാനും

ഇറാൻ‌ ആഗോള വിപണിയുമായി വീണ്ടും ബന്ധിപ്പിക്കപ്പെട്ടു. ഇത് പക്ഷേ ട്രംപ്ഭരണകൂടത്തിന് രസിച്ചില്ല. കരാർ നിലവിൽ വന്നിട്ടും അന്താരാഷ്ട്ര ആണവോർജ്ജ കമ്മീഷൻ പരിശോധനയുണ്ടായിട്ടും ഇറാനെ ട്രംപ് അവിശ്വസിച്ചു. രഹസ്യമായ ഇറാൻ ആണവായുധ വികസിപ്പിച്ച് പരീക്ഷണങ്ങൾക്ക് മുതിരുന്നുവെന്ന് നിരന്തരം ട്രംപ് ആരോപിച്ചുകൊണ്ടേയിരുന്നു. പരമ്പരാഗത കൂട്ടാളി ഇസ്രായേലിൻ്റെ വാക്കുകൾ വേദവാക്യമാക്കിയെടുത്താണ് യുഎസ് മുഖ്യമായും ഇറാനെതിരെ കുരച്ചുചാടുന്നത്.

തങ്ങളുടെ പാവ ഷാ ഭരണകൂടത്തെ ഇസ്ലാമിക വിപ്ലവത്തിലൂടെ 1979ൽ അയത്തൊള്ള ഖെമേനിയുടെ മത പൗരോഹിത്യ സംഘം പുറത്താക്കിയതിൻ്റെ ഗർവ്വ് അമേരിക്കയിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ലെന്നതും ഇറാനെതിരെ യുഎസ് തുടരുന്ന വൈരത്തിൽ അന്തർലീനമാണ്‌. also readഇറാന്‍ ആണവ കരാര്‍ ട്രംപിന്‍റെ ചീട്ടു കീറുമ്പോള്‍

ഇറാന്റെ എണ്ണവ്യാപാരത്തെ മുഖ്യമായും തടസ്സപ്പെടുത്തുകയെന്നതായിരുന്നു മുഖ്യമായും അവർക്കെതിരെയുള്ള ഉപരോധത്തിന് പിന്നിൽ. അമേരിക്ക അവരുടേതായി ഉപരോധം ശക്തിപ്പെടുത്തി. രാജ്യാന്തര തലത്തിൽ ഇറാനെ ഒറ്റപ്പെടുത്താൻ അമേരിക്ക സർവ്വ സാധ്യതകളും പയറ്റി . ഇറാന്റെ എണ്ണയെ ആശ്രയിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളോട് എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ യുഎസ് ഭരണകൂടം ആവശ്യപ്പെട്ടു.

ട്രമ്പ് ഭരണകൂടത്തിൻ്റെ ഇഷ്ടക്കാരുടെ പട്ടികയിലല്ല ഇറാൻ ഭരണകൂടം. പടിഞ്ഞാറൻ – മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിലെ ഹമാസ് (പലസ്തീൻ), ഹിസ്ബുള്ള (ലെബനൻ) ഹൂതി (യെമൻ) തുടങ്ങിയ സംഘടനകൾ യുഎസ് ഭരണകൂടത്തിൻ്റെ കണ്ണിലെ കരടുകളാണ്. മേഖലയിലെ യുഎസ് കൂട്ടാളികളായ ഇസ്രായേലിനും സൗദിക്കുമെതിരെ പോരാട്ടത്തിലാണ് ഈ സംഘടനകൾ. ഇവരെ പിന്തുണയ്ക്കുന്നുവെന്നതും ഇറാനെ ശത്രുപക്ഷത്ത് നിറുത്തുന്നതിന് യുഎസ് കാരണമായി കാണുന്നു.

ഇറാനെ കടുത്ത സാമ്പത്തിക ഉപരോധത്തിൽ വലിഞ്ഞുമുറുക്കുവാൻ ട്രംപ്ഭരണകൂടം തുനിഞ്ഞിറങ്ങി. ട്രമ്പ് ഭരണകൂടം ഇറാൻ ആണവകരാർ ദുർബ്ബലപ്പെടുത്താൻ സർവ്വവിധ തന്ത്രങ്ങളും പ്രയോഗിച്ചു.ഏകപക്ഷീയമായി 2018 മെയ് മാസത്തിൽ ജെസിപിഒഎയിൽ നിന്ന് പിന്മാറി. also readഇറാന്‍ ഉപരോധം: ട്രമ്പിന് തിരിച്ചടി

ആയുധ നിരോധനം അനിശ്ചിതമായി നീട്ടാൻ ആഗസ്തിൽ യുഎൻ സുരക്ഷാ കൗൺസിലിൽ യുഎസ് പ്രമേയം അവതരിപ്പിച്ചു. പക്ഷേ നിരസിക്കപ്പെട്ടു. 14 അംഗ സുരക്ഷാ കൗൺസിലിൽ രാജ്യാന്തര രാഷ്ട്രീയത്തിൽ കാര്യമാത്ര ശ്രദ്ധേയമല്ലാത്ത കരിബീയൻ രാഷ്ട്രം ഡൊമിനിക്കൻ റിപ്പബ്ലിക്ക് മാത്രമാണ് യുഎൻ സുരക്ഷാ കൗൺസിലിൽ യുഎസ് നീക്കത്തിന് അനുകൂലമായി വോട്ട്‌ ചെയ്തത്. റഷ്യയും ചൈനയുമാണ് അമേരിക്കൻ നീക്കത്തെ പരാജയപ്പെടുത്തിയത്. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി തുടങ്ങി എട്ട് രാഷ്ട്രങ്ങൾ വോട്ടെടുപ്പിൽ വിട്ടുനിന്നു.

സ്നാപ്പ്ബാക്ക്

ആണവ കരാർ ഇറാൻ ലംഘിക്കുന്നതായി കണ്ടാൽ കരാറിലുൾപ്പെട്ട അംഗങ്ങൾക്ക് ഉപരോധം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുന്നതിന്അനുവാദം നൽകുന്നു ‘സ്നാപ്പ്ബാക്ക്’. സുരക്ഷ കൗൺസിൽ പ്രമേയത്തിൽ പരാജയപ്പെട്ട ട്രമ്പ് ഭരണകൂടം സ്നാപ്പ്ബാക്ക് പ്രയോഗിക്കുവാൻ മുന്നോട്ടുവന്നു.

ഇറാൻ കരാർ ലംഘനം നടത്തിയെന്ന ആക്ഷേപമുന്നയിച്ചാണ് സ്നാപ്പ് ബാക്കിലൂടെ ഉപരോധത്തിനായി വീണ്ടും ട്രമ്പ് ഭരണകൂടം ശ്രമിച്ചത്.എന്നാൽ സ്നാപ്പ്ബാക്കിന് വാഷിംഗ്ടണിന് നിയമപരമായി കഴിയില്ലെന്നാണ് പല രാജ്യങ്ങളുടെയും വാദം. കരാറിൽ കക്ഷിയല്ലാതായി തീർന്ന യുഎസിന് സ്നാപ്പ്ബാക്ക് വിനിയോഗിക്കുവാനാകില്ല. ട്രംപ് പ്രതീക്ഷിക്കും പോലെ ഇറാനെതിരായ നടപടികൾ ഇനി അത്ര എളുപ്പമല്ലെന്ന് സാരം.

സ്നാപ്പ്ബാക്കിലൂടെ ഒക്ടോബാർ 18 ന് അവസാനിക്കുന്ന ഉപരോധ കലാവധി നീട്ടികൊണ്ടുപോകുന്നതിനുള്ള ശ്രമമാണ് ട്രംപ് ഭരണകൂടം നടത്തിയത്. പക്ഷേ ലക്ഷ്യം കണ്ടില്ല. യുഎൻ സുരക്ഷ കൗൺസിലിൽ വോട്ടെടുപ്പിലെ പരാജയം പോലെ ട്രംപിൻ്റെ സ്നാപ്പ്ബാക്ക് ശ്രമവും പാളി. രാജ്യാന്തര രാഷ്ട്രീയത്തിൽ ട്രംപിൻ്റെ പരാജയങ്ങൾ പക്ഷേ ഇറാൻ്റെ വിജയങ്ങളാവുകയായിരുന്നു.


ഉപരോധം അവസാനിച്ച ഇറാൻ

13 വർഷ ഉപരോധം അവസാനിച്ചതോടെ നിയമപരമായി രാജ്യത്തിൻ്റെ പ്രതിരോധ ആവശ്യങ്ങളെ മുൻനിർത്തി മിസൈലുകൾ, ഹെലികോപ്റ്ററുകൾ, ടാങ്കുകൾ എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത ആയുധങ്ങൾ വാങ്ങാനും വിൽക്കാനും ഇറാന് സാധ്യമാകും. ഇറാൻ നിർമ്മിത ആയുധങ്ങൾ ആവശ്യക്കാർക്ക് വിൽക്കുന്നതിനും നിയമസാധുത കൈവരും.

ഇറാൻ പക്ഷത്തുനിന്ന് പടിഞ്ഞാറൻ – പൂർവ്വേഷ്യൻ രാജ്യങ്ങളിൽ പോരോട്ട പാതയിലുള്ള സംഘടനകളാണ് ഹമാസ്, ഹിസ്ബുള്ള, ഹൂതി തുടങ്ങിയ പ്രസ്ഥാനങ്ങൾ. ഇവർക്കെല്ലാം ആയുധങ്ങൾ വിൽക്കുന്നതിൽ ഇറാൻ്റെ സാധ്യതകൾ ഏറെ വിപുലീകരിക്കപ്പെടും.

ആയുധം വാങ്ങുന്നവർ മാത്രമല്ല ഇറാൻ. ആയുധ വില്പനക്കാരു കൂടിയാണ്. ഇറാനെതിരെ ഉപരോധ പ്രയോഗത്തിൽ തോറ്റം തുന്നംപാടിയ യുഎസ് ഭരണകൂടം ഇറാൻ്റെ പക്കൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നവരെയും ഭിഷണിപ്പെടുത്തുന്നുണ്ട്. ഇറാനുമായുള്ള ഇടപ്പാടുകളിലേർപ്പെടുന്ന രാഷ്ട്രങ്ങളോട് അകൽച്ച പാലിക്കുമെന്ന മുന്നറിയിപ്പിലൂടെ ഇറാനെ എന്തുവിലകൊടുത്തും ഉപരോധ സമാന അന്തരീക്ഷം നിലനിറുത്തുവാനുള്ള തന്ത്രങ്ങളിൽ വ്യാപൃതരാണ് യുഎസ് ഭരണകൂടം. പക്ഷേ ഇത്തരം അമേരിക്കൻ നീക്കങ്ങൾ 13 വർഷ ഉപരോധത്തിന് പരിസമാപ്തിയായ ഈ ഘട്ടത്തിൽ വേണ്ടത്ര ഫലിച്ചേക്കില്ല.ഇറാൻ്റെ ആയുധ വില്പനക്കും മാനദണ്ഡങ്ങൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

ഒക്ടോബർ 18ന് സ്റ്റേറ്റ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ ഇറാൻ പ്രതിരോധമന്ത്രി അമീർ ഹതാമിയാണ് ഇറാൻ ആയുധ കച്ചവടത്തിൻ്റെ സ്വഭാവമെന്തായിരിക്കുമെന്ന് വ്യക്തമാക്കിയത്. ആയുധങ്ങൾ ദുരുപയോഗം ചെയ്യില്ലെന്നുറപ്പുള്ളവർക്ക് മാത്രമെ ഇറാൻ ആയുധങ്ങൾ വിൽക്കുകയേയുളളൂ. ആയുധങ്ങൾ പ്രതിരോധ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് കർശനമായി ഉറപ്പാക്കും. അമേരിക്കക്കാർ പണത്തിനു വേണ്ടി മാത്രമാണ് ആയുധകച്ചവടവത്തിലേർപ്പെടുന്നത്. തങ്ങൾ പക്ഷേ പണത്തിനുവേണ്ടി എല്ലാ കാര്യങ്ങളും ചെയ്യുന്നവല്ലെന്നാണ് ഇറാൻ പ്രതിരോധമന്ത്രിയുടെ പക്ഷം.also readഇറാന്‍ – ഇറാഖ് ബന്ധത്തില്‍ മാറ്റത്തിന്റെ സൂചനകള്‍

13 വർഷ ഉപരോധത്തിൻ്റെ കാലം കഴിഞ്ഞതോടെ ഇനിയുള്ള നാളുകൾ നിർജീവമായി കിടന്നിരുന്ന ഇറാൻ്റ ആയുധ ഇടപ്പാടുകളും സജീവമാകും. റഷ്യ-ചൈനയടക്കമുള്ളവർ ഇറാനുമായുള്ള ആയുധക്കച്ചവടം പൊടിപൊടിക്കും.

ഉപരോധം കാലഹരണപ്പെട്ടതിൻ്റെ പശ്ചാത്തലിൽ എസ് യു – 30 യുദ്ധവിമാനങ്ങൾ, യാക്ക് – 130 ട്രെയിനിർമാർ, ടി- 90 ടാങ്കുകൾ, കോസ്റ്റൽ മിസൈൽ സിസ്റ്റം, എസ്- 400 മിസൈൽ എന്നീ തങ്ങളുടെ ആയുധ സജ്ജീകരണങ്ങൻ ഇറാന് വിറ്റ് റഷ്യ കാശാക്കുമെന്നതിൻ്റെ സാധ്യത തെളിയും.

ചൈനയുമായി 25 ലധികം തന്ത്രപ്രധാന കരാറുകൾ വിവിധ ഘട്ടങ്ങളിലാണ്. ഉപരോധത്തിൽ തട്ടിതടഞ്ഞു നിന്നിരുന്നവയെല്ലാം മാറിയ സാഹചര്യത്തിൽ ഉഷാറാക്കപ്പെടും. അതേസമയംട്രംപിന് പകരം ബൈഡൻ വൈറ്റ് ഹൗസിലെത്തുന്നുവെങ്കിൽ ചൈന – യുഎസ് ബന്ധത്തിൽ ട്രമ്പ് തീർത്ത അനിശ്ചിതാവസ്ഥ മാറിയേക്കുo.

ബൈഡൻ ഭരണകൂടവും ട്രംപിനെ പോലെ ഇറാനെ അകറ്റിനിറുത്തിയാൽ ചൈനയ്ക്ക് ഇറാനുമായുള്ള ബന്ധത്തിൽ ചില തിരുത്തലുകൾ വേണ്ടിവന്നേക്കും. കാരണം യുഎസിനെ കൈവിട്ട് കണ്ണുംപൂട്ടി ഇറാനുമായി സഹകരിക്കുന്നതിൽ ചൈന അമാന്തം കാണിക്കാതിരിക്കില്ല. രാജ്യാന്തര രാഷ്ട്രീയത്തിൽ ചൈനക്ക് മുഖ്യം യുഎസ് തന്നെയാകുമെന്നതായിരിക്കും ഇതിന് അടിസ്ഥാനം.


അറബ് മേഖലയിൽ ആയുധ പന്തയം

അറബ് മേഖലയിൽ ഇസ്രായേലിനെ, സൗദിയെ, യുഎഇയെ വെല്ലുവിളിയ്ക്കാൻ ഇറാൻ ഇനിയും പ്രാപ്തി നേടുമെന്നവസ്ഥ. ഇതിൻ്റെ ആത്യന്തിക ഫലമെന്നോണം അറബ് മേഖല – ഇസ്ലാമിക ലോകം – മിഡിൽ ഈസ്റ്റ് ആയുധ പന്തയത്തിനു വേദിയാകുന്നവസ്ഥ ഇനിയും ശക്തിപ്പെടും.

അമേരിക്കൻ മധ്യസ്ഥതയിൽ ഒപ്പുവയ്ക്കപ്പെട്ട ഇസ്രായേൽ – യുഎഇ, ഇസ്രായേൽ – ബഹ്റിൻ കരാറുകളും യുഎസ് – സൗദി, യുഎസ് – യുഎഇ ആയുധ കരാറുകളും മേഖലയിലെ ഇറാൻ എന്ന പ്രതിയോഗിയെ മുൻനിർത്തിയുള്ളതാണ്. അത് പക്ഷേ ഫലത്തിൽ ആയുധക്കച്ചവടത്തിൻ്റെ മുഖ്യ വിപണിയായി അറബ് ലോകം മാറ്റിമറിക്കും.

കോവിഡ്- 19 തീർത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് മറുമരുന്നെന്ന നിലയിൽ ആയുധ കച്ചവടങ്ങൾ പൊടിപൊടിക്കേണ്ടത് മുഖ്യ ആയുധ കച്ചവടക്കാരായ യുഎസിനെ പോലുള്ള പടിഞ്ഞാറൻ രാജ്യങ്ങൾക്കും റഷ്യക്കും ഒപ്പം ചൈനക്കും ഒഴിച്ചുകൂടാനാകത്തതാണ്. ആയുധക്കച്ചവടം സമ്പദ് വ്യവസ്ഥയുടെ വളർച്ചാ തോത് നിർണയിക്കുന്നത് മുഖ്യഘടകമാകുന്നിടത്തോളം യുദ്ധസജ്ജമായ അന്തരീക്ഷം നിലനിറുത്തേണ്ടത് ലോകത്തെ ആയുധ നിർമ്മാതക്കളുടെ ആവശ്യമാണ്.