മുംബൈ: ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ ഇളയ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺ (45) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. സഹോദരന്റെ വിയോഗത്തെക്കുറിച്ച് അജയ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.
”കഴിഞ്ഞ ദിവസം രാത്രി എനിക്കെന്റെ സഹോദരനെ നഷ്ടമായി. അവന്റെ വിയോഗം ഞങ്ങൾ കുടുംബാംഗങ്ങളുടെ ഹൃദയം തകർത്തു.അവന്റെ അസാന്നിധ്യം ഞങ്ങൾക്കിനി വല്ലാതെ അനുഭവപ്പെടും. ആത്മാവിന് വേണ്ടി പ്രാർഥിക്കുന്നു. കോവിഡ് കാലമായതിനാൽ പ്രാർഥന യോഗം ഉണ്ടായിരിക്കുന്നതല്ല”- അജയ് കുറിച്ചു.
അജയ് ദേവ്ഗണിന്റെ ഇളയ സഹോദരനാണ് അനിൽ ദേവ്ഗൺ. സംഘട്ടന സംവിധായകനായ വീരു ദേവ്ഗണിന്റെ മക്കളാണ് അജയും അനിലും. ചാച്ചു രാജ, സൺ ഓഫ് സർദാർ, ബ്ലാക്ക് മെയിൽ എന്നിവയാണ് അനിൽ ദേവ്ഗൺ സംവിധാനം ചെയ്ത സിനിമകൾ.